നെടുമ്പാശേരി: വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാറക്കടവ് പൂവത്തുശേരി ഐനിക്കത്താഴം പട്ടത്ത് മനോഹരൻ (65) കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് മനോഹരന്റെ മകൻ മഹേഷിനെ (കണ്ണൻ–34) ചെങ്ങമനാട് പൊലീസ് അറസ്റ്റു ചെയ്തു.
ആന്തരികാവയവങ്ങൾക്ക് ഏറ്റ പരിക്കാണ് മരണകാരണമായതെന്ന് ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മഹേഷ് പലവട്ടം മനോഹരനെ ചവിട്ടിയതിനെ തുടർന്ന് വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റു. മനോഹരന്റെ ദേഹത്ത് പലവട്ടം വാക്കത്തി ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടത്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
മനോഹരന്റെ സംസ്‌കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി. മഹേഷ് ഗൾഫിൽ നിന്ന് ലീവിൽ നാട്ടിലെത്തിയതാണ്. വിവാഹബന്ധം വേർപിരിഞ്ഞ മഹേഷ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.