കോഴിക്കോട് : ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി, ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസെയുമായിട്ടുള്ള കരാർ പുതുക്കി. കഴിഞ്ഞ വർഷം ഗോകുലത്തിൽ ചേർന്ന ഇറ്റലി സ്വദേശിയായ വിൻസെൻസോ, ഗോകുലത്തെ വ്യത്യസ്തമായ ആക്രമണ ഫുട്ബോളാണ് കളിപ്പിച്ചത്. 15 കളികളിൽ ഒമ്പതും വിജയിച്ച ഗോകുലം, ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത ടീമാണ്. ഐ ലീഗ് വിജയത്തോടെ കേരളത്തിൽ നിന്നും ആദ്യമായ് എ എഫ് സി കപ്പ് യോഗ്യത നേടുന്ന ടീമായി മാറി ഗോകുലം. "ഗോകുലം കുടുംബത്തിൽ തുടരുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ഈ പ്രാവശ്യം നമ്മൾക്ക് ഐ ലീഗ് ഡിഫൻഡ് ചെയുകയും എ ഫ് സി കപ്പിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യണം," -കരാർ പുതുക്കിക്കൊണ്ട് വിൻസെൻസോ പറഞ്ഞു
"ഗോകുലത്തിന്റെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ച ഹെഡ് കോച്ചിന് അടുത്ത കൊല്ലവും ഇവിടെ തുടരുവാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന് ഏവരുടെയും പിന്തുണ ഉണ്ടായിരിക്കുന്നതാണെന്നും ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.
"