covid

ലണ്ടൻ: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോൾ ലോകത്ത്​ കോവിഡ്​ മരണം 30 ലക്ഷം കടന്നു. വിവിധ വകഭേദങ്ങളിൽ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുകയും വാക്​സിൻ ക്ഷാമം നിലനിൽക്കുകയും ചെയ്യുന്നതിനാലാണ് മരണസംഖ്യ കൂടുന്നത് എന്നാണ് അനുമാനം. കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ്​ 10 ലക്ഷത്തിലെത്തിയതെങ്കിൽ അടുത്ത അഞ്ചു മാസംകൊണ്ട്​ 20 ലക്ഷത്തിലെത്തി. എന്നാൽ, രണ്ടു മാസത്തിനിടെ 10 ലക്ഷം കൂടി പൂർത്തിയാക്കി 30 ലക്ഷത്തിലെത്തിയതാണ്​ ലോകത്തെ ഭീതിയുടെ മുനയിൽ നിർത്തുന്നത്​. യു.എസ്​, ബ്രസീൽ, മെക്​സിക്കോ എന്നീ രാജ്യങ്ങളാണ്​ മരണ സംഖ്യയിൽ ആദ്യ മൂന്നു സ്​ഥാനക്കാർ. കഴിഞ്ഞ ആഴ്ചകളിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള രാജ്യങ്ങളിലും ഇന്ത്യ മുന്നിലാണ്​. ഒന്നാമതുള്ള യു.എസിൽ ഇതുവരെയായി 5.64 ലക്ഷം പേരാണ്​ മരിച്ചത്​. ബ്രസീലിൽ 3.68 ലക്ഷത്തിലേറെയാണ്​ മരണം. യു.എസിൽ ഡോണാൾഡ്​ ട്രംപും ബ്രസീലിൽ ബോൾസനാരോയും സ്വീകരിച്ച പ്രതിരോധ വിരുദ്ധ നിലപാടുകൾ രോഗവ്യാപനത്തിന്​ ആക്കം കൂട്ടിയെന്നാണ്​ കണക്കുകൂട്ടൽ. നാലാമതുള്ള ഇന്ത്യയിൽ 1.75 ലക്ഷം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ​