china

ബെയ്‌ജിംഗ്: കൊവിഡിന്റെ പ്രഭവകേന്ദ്രമെന്ന വിമർശനം നേരിടുന്ന ചൈന,​ 2021 കലണ്ടർ വർഷത്തെ ആദ്യപാദമായ ജനുവരി-മാർച്ചിൽ 18.3 ശതമാനം ജി.ഡി.പി വളർച്ച രേഖപ്പെടുത്തി. കൊവിഡ് ആ‍ഞ്ഞടിച്ച 2020ന്റെ ആദ്യപാദത്തിൽ ജി.ഡി.പി വളർച്ച നെഗറ്റീവ് 6.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. 2020ന്റെ അവസാനപാദമായ ഒക്‌ടോബർ-ഡിസംബറിൽ പോസിറ്റീവ് 6.5 ശതമാനം വളർച്ച ചൈന നേടിയിരുന്നു.

പാദാടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ ചൈന കഴിഞ്ഞപാദത്തിൽ വളർന്നത് 0.6 ശതമാനം മാത്രമാണ്. ഡിസംബർപാദത്തിൽ വളർച്ച 3.2 ശതമാനമായിരുന്നു. ആഭ്യന്തര ഉപഭോക്തൃവിപണി മെച്ചപ്പെടുകയും ചൈനീസ് ഉത്‌പന്നങ്ങൾക്ക് ആഗോള ഡിമാൻഡേറുകയും ചെയ്‌തതാണ് ചൈനയ്ക്ക് നേട്ടമാകുന്നത്. 1992ന് ശേഷം ചൈന കുറിച്ച ഏറ്റവും ഉയർന്ന വളർച്ചയാണ് കഴിഞ്ഞപാദത്തിലേത്.

2021ൽ ചൈന പോസിറ്റീവ് 8.6 ശതമാനം വളരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2020ൽ വളർച്ച പോസിറ്റീവ് 2.3 ശതമാനമായിരുന്നു. 44 വർഷത്തിനിടയിലെ ഏറ്റവും മോശം വളർച്ചയാണിതെങ്കിലും 2020ൽ പോസിറ്റീവ് പാതയിലേറിയ ഏകരാജ്യം ചൈനയായിരുന്നു.