ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും ഡ്യൂക് ഓഫ് എഡിൻബറോയുമായിരുന്ന ഫിലിപ്പ് രാജകുമാരന് അന്ത്യവിശ്രമം. എല്ലാവിധ ചട്ടങ്ങളും പാലിച്ച് വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ ഇന്നലെ സംസ്‌കാര ചടങ്ങുകൾ നടന്നു.ഒൻപതിനാണ് 99-ാം വയസ്സിൽ ഫിലിപ്പ് അന്തരിച്ചത്.
സൈനിക ഉദ്യോഗസ്ഥരുടെയും അടുത്ത ബന്ധുക്കളുടേയും അകമ്പടിയോടെയാണ് മൃതദേഹം ചാപ്പലിലേക്ക് എത്തിച്ചത്. 50 മിനിട്ട് നീണ്ടു നിന്ന ചടങ്ങിൽ രാജകുടുംബത്തിൽ നിന്നുള്ള 30 പേർ പങ്കെടുത്തത്.
മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയിൽ ആദ്യം രാജകുടുംബത്തിന്റെ ഔദ്യോഗിക സൈനിക ബാന്റ് സംഘവും തൊട്ടുപുറകിലായി മേജർ ജനറൽമാരും മറ്റ് സൈനിക മേധാവികളും അണിനിരന്നു. ചാൾസ് രാജകുമാരനും ആൻ രാജകുമാരിയുമായിരുന്നു ആദ്യ നിരയിൽ. ഇവർക്ക് പിന്നിലായി രാജകുമാരന്മാരായ എഡ്വേർഡും ആൻഡ്രൂവും ശവമഞ്ചത്തിന്റെ ഇരുവശങ്ങളിലുമായി ചാൾസ്-ഡയാനാ ദമ്പതികളുടെ മക്കളായ വില്യമും ഹാരിയും അനുഗമിച്ചു.
ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കൽ ആരോഗ്യപരമായ കാരണങ്ങളാൽ ചടങ്ങിൽ നിന്ന് വിട്ടു നിന്നു. ഡ്യൂക്കിന്റെ സംസ്‌കാര ചടങ്ങുകളെ 'ഫോർത്ത് ബ്രിഡ്ജ്' എന്നാണ് അഭിസംബോധന ചെയ്യുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ മരണശേഷമുള്ള സംസ്‌കാര ചടങ്ങുകളിൽ വലിയ തോതിലുള്ള രാജകീയ പ്രൗഡി വേണ്ടെന്ന് ഫിലിപ്പ് രാജകുമാരൻ വ്യക്തമാക്കിയിരുന്നു. മരണത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായി നടത്തുന്ന ചടങ്ങുകൾ ഉണ്ടാകില്ല. വിലാപയാത്രയും കൊവിഡിനെത്തുടർന്ന് ഉണ്ടാകില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. കറുത്ത വേഷത്തിൽ എത്തിയ എലിസബത്ത് രാജ്ഞി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒറ്റയ്ക്ക് ഇരുന്നാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.