ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെനടന്ന മത്സരത്തിൽ സീസണിൽ വിസ്മയ പ്രകടനം പുറത്തെടുക്കുന്ന വെസ്റ്റ്ഹാം യുണൈറ്റഡിനെ ന്യൂകാസിൽ യുണൈറ്റഡ് മലർത്തിയടിച്ചു. 3-2നാണ് ന്യൂകാസിലിന്റെ വിജയം. ക്രെയ്ഗ് ഡോസ്സൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് വെസ്റ്റ് ഹാമിന് തിരിച്ചടിയാവുകയായിരുന്നു.
ഇസ്സാ ഡിയോപിന്റെ വകയായി കിട്ടിയ സെൽഫ് ഗോളും ജോലിന്റണും ജോവില്ലോക്കും നേടിയ ഗോളുകളുമാണ് ന്യൂകാസിലിന് ജയമൊരുക്കിയത്. ഇസ്സ ഡിയോപും പെനാൽറ്റിയിലൂടെ ജെസ്സെ ലിൻഗാർഡുമാണ് വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടത്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്ട്സ്പറും എവർട്ടണും രണ്ട് ഗോൾ വീതം നേടി സമനിലിയിൽ പിരിഞ്ഞു. ടോട്ടനത്തിനായി ഹാരി കേനും എവർട്ടണിനായി ഗ്വിൽഫി സിഗുറോസ്സനും രണ്ട് ഗോൾ വീതം നേടി. ആദ്യ പകുതിയിലും 1-1ന് ഇരു ടീമും സമനില പാലിക്കുകയായിരുന്നു.കളിക്കിടെ കേനിന് പരിക്കേറ്റത് ടോട്ടനത്തിന് തിരിച്ചടിയായി. സമനിലയോടെ 32 മത്സരങ്ങളിൽ നിന്നും 50 പോയന്റുമായി ടോട്ടനം പോയന്റ് പട്ടികയിൽ എഴാം സ്ഥാനത്തും ഒരു മത്സരം കുറച്ചുകളിച്ച് 49 പോയന്റ് നേടി എവർട്ടൺ എട്ടാം സ്ഥാനത്തും തുടരുന്നു.
ടോട്ടനനമാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. 27-ാം മിനിട്ടിലാണ് ഹാരികേൻ ടോട്ടനത്തിന്റെ ഗോൾ അക്കൗണ്ട് തുറന്നത്. നാല് മിനിട്ടിന് ശേഷം കിട്ടിയ പെനാൽറ്റിഗോളാക്കി സുഗുറോസ്സൻ എവർട്ടണിനെ ഒപ്പമെത്തിച്ചു. ഹാമിഷ് റോഡ്രിഗസിനെ റിഗുല്ലിയൻ വീഴ്ത്തിയതിനാണ് റഫറി എവർട്ടണിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്.
രണ്ടാം പകുതിയിൽ അറുപത്തിരണ്ടാം മിനിട്ടിൽ കോൾമാന്റെ പാസിൽ നിന്ന് സിഗുറോസ്സൻ എവർട്ടണിന്റെ രണ്ടാം ഗോളും കണ്ടെത്തി. എന്നാൽ ആറ് മിനിട്ടിനകം കേനിന്റെ തകർപ്പൻ ഫിനിഷ് ടോട്ടനത്തിന് സമനില സമ്മാനിക്കുകയായിരുന്നു.