ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസ് 13 റൺസിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടിക്കിറങ്ങിയ സൺറൈസേഴ്സ് 19. 4 ഓവറിൽ 137 റൺസിന് ആൾഔട്ടാവുകയായിരുന്നു. ജോണി ബെയർസ്റ്റോയും (22 പന്തിൽ 43), ഡേവിഡ് വാർണറും (36) മികച്ച തുടക്കം കൊടുത്തിട്ടും അത് മുതലാക്കാൻ ഹൈദരാബാദിന് കഴിഞ്ഞില്ല. വെറും 8 റൺസിനിടെയാണ് അവരുടെ അഞ്ച് വിക്കറ്റുകൾ വീണത്. 7.2 ഓവറിൽ 67 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തി ക്രുനാൽ എറിഞ്ഞ ഓവറിൽ ഹിറ്റ് വിക്കറ്റായി ബെയർ സ്റ്റോ മടങ്ങുമ്പോൾ വിജയ പ്രതീക്ഷയിലായിരുന്നു ഹൈദരാബാദ്. എന്നാൽ പിന്നീട് കൃത്യതയോടെ ബൗൾ ചെയ്ത മുംബയ് ബൗളർമാർ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കുകയായിരുന്നു. വിജയ് ശങ്കറാണ് (28) രണ്ടക്കം കടന്നമറ്റൊരു ഹൈദരാബാദ് ബാറ്റ്സ്മാൻ. മുംബയ്ക്കായി ട്രെൻഡ് ബൗൾട്ടും രാഹുൽ ചഹറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ മുംബയ്ക്കും മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 3 ഓവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ വിജയ് ശങ്കറാണ് മുംബയുടെ റണ്ണൊഴുക്ക് തടയാൻ പ്രധാന പങ്കുവഹിച്ചത്.
ഓപ്പണർമാരായ നായകൻ രോഹിത് ശർമ്മയും (25 പന്തിൽ 32), ക്വിന്റൺ ഡി കോക്കും (39 പന്തിൽ 40) മികച്ച തുടക്കമാണ് മുംബയ്ക്ക് നൽകിയത്. ഇരുവരും 5.3 ഓവറിൽ മുംബയിയെ അമ്പത് കടത്തി.
എന്നാൽ പവർപ്ലേയ്ക്ക് ശേഷം വിജയ ശങ്കറിന് പന്ത് കൊടുക്കാനുള്ള സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണറുടെ നീക്കം ഫലം കാണുകയായിരുന്നു. നല്ല ഫ്ലോയിൽ ബാറ്റ് ചെയ്യുകയായിരുന്ന രോഹിത് ശർമ്മയെ വിരാട് സിംഗിന്റെ കൈയിൽ എത്തിച്ചാണ് വിജയ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നൽകിയത്. 2 വീതം സിക്സും ഫോറും രോഹിത് നേടി. ഒന്നു വീതം സിക്സും ഫോറും നേടി നന്നായി തുടങ്ങിയ സൂര്യ കുമാർ യാദവിനെ (10) തന്റെ അടുത്ത ഓവറിൽ സ്വന്തം ബൗളിംഗിൽ വിജയ് കൈയിൽ ഒതുക്കി.
അവസാന ഓവറുകളിൽ പുറത്താകാതെ 22 പന്തിൽ 1ഫോറും 3 സിക്സും ഉൾപ്പെടെ 35 റൺസെടുത്ത കീറോൺ പൊള്ളാഡാണ് മുംബയ്യെ 150ൽ എത്തിച്ചത്.
ഇഷാൻ കിഷൻ (12), ഹാർദ്ദിക് പാണ്ഡ്യ (7) എന്നിവർ നിരാശപ്പെടുത്തി. ഹൈദരാബാദിനായി വിജയ്യെക്കൂടാതെ മുജീബും രണ്ട് വിക്കറ്റ് വീഴ്ത്തി. അതേസമയം മികച്ച എക്കോണമിയിൽ പന്തെറിയാറുള്ള അവരുടെ സ്ട്രൈക്ക് ബൗളർ ഭുവനേശ്വർ കുമാർ നിരാശപ്പെടുത്തി. 4 ഓവറിൽ 45 റൺസ് വഴങ്ങിയ ഭുവനേശ്വറിന് വിക്കറ്റുകളൊന്നും നേടാനായില്ല.
ഇന്ന് രണ്ട് മത്സരങ്ങൾ
ബാംഗ്ലൂർ - കൊൽക്കത്ത
(വൈകിട്ട് 3.30 മുതൽ)
ഡൽഹി - പഞ്ചാബ്
(രാത്രി 7.30 മുതൽ)