credit-card

ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തനം നിറുത്താൻ തീരുമാനിച്ച പ്രമുഖ അമേരിക്കൻ ബാങ്കായ സിറ്റിയുടെ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ബിസിനസ് പിടിക്കാൻ കേരളത്തിൽ നിന്നുൾപ്പെടെയുള്ള ഇന്ത്യൻ ബാങ്കുകളുടെ നീക്കം. സിറ്റിയുടെ പിന്മാറ്റം ഇന്ത്യൻ ബാങ്കുകൾക്ക് സമ്മാനിക്കുന്നത് മികച്ച വളർച്ചയ്ക്കുള്ള സാദ്ധ്യതയാണ്. വെള്ളിയാഴ്‌ച എസ്.ബി.ഐ കാർഡ് ഓഹരികളുടെ വില സെൻസെക്‌സിൽ 7.5 ശതമാനം വർദ്ധിച്ചത് ഇതിന്റെ സൂചനയാണ്.

ക്രെഡിറ്റ് കാർഡ് ബിസിനസിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം എച്ച്.ഡി.എഫ്.സി ബാങ്കാണ്. എന്നാൽ, പുതിയ ഉപഭോക്താക്കളെ ചേർക്കാൻ റിസർവ് ബാങ്കിന്റെ വിലക്ക് എച്ച്.ഡി.എഫ്.സി നേരിടുന്നുണ്ട്. തുടർച്ചയായി സാങ്കേതിക തടസങ്ങൾ നേരിട്ടതാണ് എച്ച്.ഡി.എഫ്.സി ബാങ്കിന് വിനയായത്. അതേസമയം, കൊവിഡ് കാലത്ത് എസ്.ബി.ഐയുടെ ഉപസ്ഥാപനമായ എസ്.ബി.ഐ കാർഡ് മികച്ച ബിസിനസ് കാഴ്‌ചവയ്ക്കുകയും ചെയ്‌തു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രതിസന്ധി, എസ്.ബി.ഐ കാർഡിന് നേട്ടമായിട്ടുണ്ട്. നിലവിൽ, സിറ്റിയുടെ പിൻവാങ്ങലും കൂടുതൽ ഗുണമാവുക എസ്.ബി.ഐ കാർഡിനായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.