കൊച്ചി: മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് സനു മോഹനായിട്ടുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.
മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലിൽ സനു മോഹൻ ഏപ്രിൽ 10 മുതൽ 16 വരെ താമസിച്ചിരുന്നതായി ജീവനക്കാർ പൊലീസിനെ അറിയിച്ചിരുന്നു. ഹോട്ടലിൽ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്. 15 ന് വെെകിട്ട് ഹോട്ടൽ ജീവനക്കാർ ബാക്കി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ അവിടെ നിന്ന് മുങ്ങുകയായിരുന്നു.
ആധാർ കാർഡിലെ വിലാസം പരിശോധിച്ച ഹോട്ടൽ മാനേജർ സനുവിനെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിനെക്കുറിച്ച് അറിയുന്നത്. തുടർന്ന് മാനേജർ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പരിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
കർണാടക പൊലീസിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ നടക്കുന്നത്.സനുമോഹന് മൂകാംബികയിൽ സുഹൃത്തുക്കളുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാൾ ഗോവയിലേക്ക് കടന്നോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇവിടേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.