കോവളം: വലയിൽപ്പെട്ട് കോവളത്ത് കരയിലെത്തിയ കൂറ്റൻ സ്രാവ് തീരത്തിന് കൗതുകമായി. പുള്ളി നിറവും നീളമേറിയ വാലും കൂറ്റൻ ചിറകുകളുമായി കരയ്‌ക്കെത്തിയ സ്രാവിനെ ഏറെ പണിപ്പെട്ടാണ് തിരികെവിട്ടത്. ചിലർക്ക് വാലുകൊണ്ടുള്ള അടിയേൽക്കുകയും ചെയ്തു. കോവളത്തെ കരമടി മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ പടുകൂറ്റൻ വെയിൽ ഷാർക്കാണ് (തിമിംഗല സ്രാവ്) ഇന്നലത്തെ അതിഥിയായത്.
വലയിൽ അപ്രതീക്ഷിതമായി കുടുങ്ങിയ സ്രാവിനെ വലപൊട്ടിച്ച് രക്ഷപ്പെടുത്താൻ മത്സ്യത്തൊഴിലാളികൾ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടു. തീരത്തടുപ്പിച്ച വലയിൽ നിന്ന് സ്രാവിനെ മോചിപ്പിച്ചെങ്കിലും മണൽപ്പരപ്പിൽ ആണ്ടുപോയതുകാരണം കടലിലേക്ക് തിരികെഇറങ്ങാനായില്ല. 12 മീറ്ററിലേറെ നീളവും ഏകദേശം 2000 കിലോ ഭാരവുമുള്ള വിരുന്നുകാരനെ കാണാൻ ബീച്ചിലുണ്ടായിരുന്നവർ തടിച്ചുകൂടി. ലൈഫ്ഗാർഡുമാരും നാട്ടുകാരും സ്‌കൂബ ഡൈവിംഗ് അംഗങ്ങളും വിദേശികളും ചേർന്നാണ് ഒടുവിൽ സ്രാവിനെ കടലിലേക്ക് വിട്ടത്. രക്ഷാപ്രവർത്തനത്തിനിടെ വാൽകൊണ്ടുള്ള അടിയേറ്റ് ലൈഫ് ഗാർഡുമാരായ വെർജിൻ, രഞ്ജിത്ത്, ശിശുപാലൻ എന്നിവർക്കും ഒരുവിദേശിക്കും നിസ്സാര പരിക്കേറ്റു.