കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ താൻ നേരിട്ട പീഡനങ്ങൾക്ക് നഷ്ടപരിഹാരം തേടി കേസ് നടത്തില്ലെന്ന് മാലദ്വീപ് സ്വദേശി ഫൗസിയ ഹസൻ പറഞ്ഞു. ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതിനെപ്പറ്റി കേരളകൗമുദിയോട് പ്രതികരിക്കുകയായിരുന്നു ഫൗസിയ. 79കാരിയായ ഫൗസിയ ശ്രീലങ്കയിലാണ് താമസം.
'നഷ്ടപരിഹാരക്കേസ് നൽകാൻ മുമ്പ് തീരുമാനിച്ചിരുന്നു. കൊവിഡ് മൂലമാണ് വൈകിയത്. കേസ് വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. കേസ് നൽകുന്നില്ലെങ്കിലും ഞാൻ നേരിട്ട പീഡനങ്ങൾ മനസിലാക്കി സർക്കാർ നഷ്ടപരിഹാരം അനുവദിച്ചാൽ സ്വീകരിക്കും" - ഫൗസിയ പറഞ്ഞു.
1994ലാണ് ചാരക്കേസിന്റെ തുടക്കം. ഐ.എസ്.ആർ.ഒയുടെ രഹസ്യങ്ങൾ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും മാലദ്വീപ് സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ വഴി വിദേശികൾക്ക് ചോർത്തി നൽകിയെന്നായിരുന്നു കേസ്. സി.ബി.ഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.
ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്
നല്ല കാര്യം. പക്ഷേ, സത്യം തിരിച്ചറിയാൻ മുപ്പതു വർഷത്തോളം വേണ്ടിവന്നില്ലേ?
ഡോ. നമ്പി നാരായണന് നഷ്ടപരിഹാരം കൊടുക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
ഒരാൾക്കെങ്കിലും നഷ്ടപരിഹാരം ലഭിച്ചല്ലോ. സന്തോഷമുണ്ട്. നഷ്ടപരിഹാരത്തിന് ഞാൻ പരാതി നൽകിയാൽ ഇനിയുമൊരു 30 വർഷമെടുക്കില്ലേ? അങ്ങനെ ലഭിച്ചിട്ടെന്തു കാര്യം? കേസില്ലാതെ ഇന്ത്യാ ഗവൺമെന്റ് നഷ്ടപരിഹാരം നൽകിയാൽ സ്വീകരിക്കും.
ദേഷ്യമുണ്ടോ, പ്രത്യേകിച്ച് മലയാളികളോട്?
കേരള പൊലീസിനോടു മാത്രം. എനിക്കവരെ വെറുപ്പാണ്. മറ്റുള്ളവരോട് ഒരു ദേഷ്യവുമില്ല. 2019ൽ എന്റെ ബുക്കിന്റെ പ്രകാശനത്തിന് കേരളത്തിൽ വന്നിരുന്നു. കൊവിഡ് കാരണം ഉടനെയൊന്നും യാത്ര പറ്റില്ല.
ഡോ. നമ്പി നാരായണൻ, മറിയം റഷീദ, രമൺ ശ്രീവാസ്തവ എന്നിവരെക്കുറിച്ച്
മറിയം റഷീദയുടെ ഫോൺ നമ്പർ നഷ്ടമായി. ഇപ്പോൾ ഒരു ബന്ധവുമില്ല. രമൺ ശ്രീവാസ്തവയെ സി.ബി.ഐയുടെ കസ്റ്റഡിയിലിരിക്കെ ഒരുതവണ കണ്ടിരുന്നു. ഉദ്യോഗസ്ഥരാണ് കാട്ടിത്തന്നത്. ഡോ. നമ്പി നാരായണനെയും സി.ബി.ഐ കസ്റ്റഡിയിലിരിക്കെയാണ് കണ്ടത്.
കേരള പൊലീസ്
അവർ വല്ലാതെ ഉപദ്രവിച്ചു. മൂന്നു വർഷത്തോളം ജയിലിൽ കിടന്നു. അക്കാലം ഒാർക്കാൻ ഇഷ്ടപ്പെടുന്നില്ല. ഒരുപക്ഷേ, ഇങ്ങനെയൊക്കെ ചെയ്തതിന് അവർക്ക് വിദേശത്തു നിന്നൊക്കെ നല്ല പ്രതിഫലം ലഭിച്ചിട്ടുണ്ടാവും.