dog

മലപ്പുറം:വളർത്തുനായയെ സ്‌കൂട്ടറിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. കരുനെച്ചി സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. ഇയാളുടെ സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. ചെരുപ്പ് കടിച്ചു കേടുവരുത്തിയെന്നാരോപി​ച്ചാണ് ഇയാൾ നായയോട് കൊടുംക്രൂരത കാട്ടി​യത്.

മൂന്ന് കിലോമീറ്ററോളമാണ് നായയെ കെട്ടിവലിച്ചത്. ഇതുകണ്ട് നാട്ടുകാർ പിന്തുടർ‌ന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ഒരു ദയയും കാണി​ക്കാതെ സ്കൂട്ടർ വീണ്ടും മുന്നോട്ട് ഓടി​ച്ചു. ഒടുവിൽ നാട്ടുകാർ വാഹനം തടഞ്ഞ് നായയെ രക്ഷിക്കുകയായിരുന്നു.ഒരു യുവാവ് മൊബൈലിൽ പകർത്തിയ ദൃശ്യം സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. സാരമായി പരിക്കേറ്റ നായയെ നിലമ്പൂർ റസ്ക്യൂ ഫോഴ്സ് ചികിത്സയ്ക്കായി കൊണ്ടുപോയി.

കുറച്ചുനാൾ മുമ്പ് നെടുമ്പാശേരി അത്താണിക്കുസമീപം ചാലാക്കയിൽ നായയെ കഴുത്തിൽക്കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച സംഭവം കോളിളക്കം സൃഷ്ടി​ച്ചി​രുന്നു. ഇതി​ന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോട‌െ കാർ ഓടിച്ചിരുന്ന നെടുമ്പാശേരി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.