ck-subair

കൊച്ചി: കത്വ പെൺകുട്ടിയ്ക്ക് വേണ്ടി പണം സമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്. പണം സമാഹരണം നടത്തിയതിൽ വലിയ തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ലീഗ് മുൻ നേതാവ് യൂസഫ് പടനിലം ആണ് ആരോപണം ഉന്നയിച്ചത്. സുബൈർ ഈ മാസം 22ന് ഇഡിക്ക് മുന്നിൽ ഹാജരാകണം.

രണ്ടാഴ്ച മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് സുബൈറിന് നോട്ടീസ് ലഭിച്ചത്. ഭാര്യ പിതാവ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സുബൈർ രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. വ്യാഴാഴ്ച ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകുമെന്ന് സുബൈർ വ്യക്തമാക്കിയിട്ടുണ്ട്.

കത്വ പെൺകുട്ടിയ്ക്ക് വേണ്ടി പണ സമാഹരണം നടത്തിയതിൽ വലിയ തിരിമറി നടന്നിട്ടുണ്ടെന്നും, പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറാതെ ഒരു കോടിയോളം രൂപ നേതാക്കൾ തന്നെ വകമാറ്റിയെന്നാണ് ആരോപണം. ഫണ്ട് ലഭിച്ചത് വിവിധ ഇടങ്ങളിൽ നിന്നാണ്. ഇതേ പറ്റിയും അന്വേഷണം ഉണ്ടാകും. കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ട ലംഘനം തുടങ്ങിയ വിവരങ്ങളും ഇഡി അന്വേഷിക്കുമെന്നാണ് സൂചന.