തൃശൂർ: പൂരത്തിനുള്ള നിബന്ധനകൾ അധികൃതർ കടുപ്പിച്ചതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പാറമേക്കാവ് ദേവസ്വം. പൂരം തകർക്കാനാണ് ശ്രമം. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്നും ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കൊവിഡ് നിബന്ധനകൾ കൊണ്ടു വരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂരം കാണാൻ എത്തുന്നവർ കൊവിഡ് വാക്സിൻ രണ്ട് ഡോസുകളും എടുക്കണമെന്ന് നിർബന്ധമാക്കി ഇന്നലെയാണ് സർക്കാർ ഉത്തരവിറക്കിയത്. വാക്സിൻ ഒറ്റ ഡോസ് മതിയെന്ന നിർദേശം പിൻവലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. രണ്ടു ഡോസ് വാക്സിൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ പ്രത്യേക ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
പാപ്പാൻമാർക്ക് കൊവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കൂ എന്ന വനംവകുപ്പ് നിർദ്ദേശത്തെയും ദേവസ്വങ്ങൾ എതിർക്കുന്നുണ്ട്. ഒരു ആനയ്ക്ക് ചുരുങ്ങിയത് മൂന്ന് പാപ്പാന്മാരെങ്കിലും ഉണ്ടാകും. ഇവരെല്ലാം കൊവിഡ് നെഗറ്റീവ് ആയിരിക്കണം. ആരെങ്കിലും ഒരാൾ പോസിറ്റീവ് ആയാൽ ആനയെ പൂരത്തിൽ പങ്കെടുപ്പിക്കാൻ കഴിയില്ല.മാത്രമല്ല, ഒരാൾ പോസിറ്റീവ് ആയാൽ മറ്റു പാപ്പാൻമാർ ക്വാറന്റൈനിൽ പോകുകയും വേണം. തൊണ്ണൂറോളം ആനകളാണ് പൂരത്തിൽ പങ്കെടുക്കുന്നത്. വനംവകുപ്പിന്റെ നിർദ്ദേശം പ്രയോഗികമല്ലെന്നാണ് ദേവസ്വങ്ങൾ പറയുന്നത്. അതിനാൽ നിർദ്ദേശത്തിൽ ഇളവ് വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കടുത്ത നിബന്ധനയെങ്കിൽ പൂരം നടത്തിപ്പ് അവതാളത്തിലാകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ ദേവസ്വം പ്രതിനിധികൾ ഇന്ന് യോഗം ചേരും.അതേസമയം പൂരം നിയന്ത്രണങ്ങളിൽ ഔദ്യോഗിക തീരുമാനം നാളെയുണ്ടാകും. ചീഫ് സെക്രട്ടറിയുമായി ദേവസ്വം പ്രതിനിധികൾ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
നാളെ രാവിലെ 10 മണി മുതലാണ് കൊവിഡ് ജാഗ്രത പോർട്ടലിൽ നിന്നും പൂരത്തിനുള്ള പ്രവേശന പാസ് ഡൗൺലോഡ് ചെയ്യാൻ അവസരം ലഭിക്കുന്നത്. തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ നൽകണം. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്‌ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.