കൊവിഡ് നെഗറ്റീവായശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മനൊപ്പം പിപിഇ കിറ്റ് ധരിച്ച് പ്രോട്ടോക്കോൾ പാലിച്ച് വീട്ടിലേക്ക് മടങ്ങുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് വിടി ബൽറാം എം എൽ എ. 'കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം മകനോടൊപ്പം വീട്ടിലേക്ക് പോവുന്ന പ്രിയ നേതാവ് ശ്രീ ഉമ്മൻ ചാണ്ടി.ബാക്കി പ്രോട്ടോക്കോളുകളും പാലിച്ച് എത്രയും വേഗം പൊതുജീവിതത്തിന്റെ പതിവു തിരക്കുകളിലേക്ക് തിരിച്ചു വരാൻ അദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നു- എന്ന സന്ദേശത്തോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
കോഴിക്കാേട് മെഡിക്കൽകാേളേജിൽ കൊവിഡ് ചികിത്സയ്ക്കുശേഷം മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കാേൾ ലംഘിച്ചെന്ന് ആരോപണമുയർന്നിരുന്നു. അദ്ദേഹം പിപിഇ കിറ്റ് ധരിക്കാതെ കാറിൽ കയറി വീട്ടിലേക്കുപോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ പശ്ചാത്തലത്തിലാണ് വിടി ബൽറാം ചിത്രങ്ങൾ പങ്കുവച്ചത്.
കോവിഡ് നെഗറ്റീവ് ആയതിന് ശേഷം മകനോടൊപ്പം വീട്ടിലേക്ക് പോവുന്ന പ്രിയ നേതാവ് ശ്രീ ഉമ്മൻ ചാണ്ടി.
ബാക്കി പ്രോട്ടോക്കോളുകളും...
Posted by VT Balram on Saturday, 17 April 2021
മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പടെയുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ വി മുരളീധരൻ നടത്തിയ കൊവിഡിയറ്റ് പരാമർശം ഏറെ വിവാദമായിരുന്നു. എന്നാൽ പരാമർശത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. കൊവിഡ് പ്രോട്ടോകോൾ ലംഘിക്കേണ്ടവരെ മറ്റെന്താണ് വിളിക്കേണ്ടതെന്നും മുരളീധരൻ ചോദിച്ചു.