ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തികനിലയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിൽ രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ രേഖപ്പെടുത്തിയത് വൻവർദ്ധന. 2020-21 സാമ്പത്തികവർഷത്തിൽ രാജ്യത്തെ സ്വർണ ഇറക്കുമതി 22.58 ശതമാനം വർദ്ധിച്ച് 2.54 ലക്ഷം കോടിയിലെത്തി. ആഭ്യന്തര ആവശ്യം വർദ്ധിച്ചതാണ് ഇതിന് കാരണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മിയെ(സി.എ.ഡി) ബാധിക്കുന്നതാണ് സ്വർണഇറക്കുമതി. 2019-20 വർഷത്തെ സ്വർണ ഇറക്കുമതി ഏകദേശം രണ്ട് ലക്ഷം കോടിയായിരുന്നു.
അതേസമയം, രാജ്യത്തെ വെള്ളി ഇറക്കുമതി ഇതേകാലയളവിൽ 71 ശതമാനം കുറഞ്ഞ് 791 മില്ല്യൺ ഡോളറിലെത്തി. അക്ഷയതൃതീയ- വിവാഹസീസണാണ് സ്വർണത്തിന് ആഭ്യന്തര ആവശ്യക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വരുംദിവസങ്ങളിലും സ്വർണഇറക്കുമതിയിലൂടെ സി.എ.ഡിയിൽ കാര്യമായ മാറ്റമുണ്ടായേക്കും. സ്വർണ ഇറക്കുമതിയിൽ വളർച്ചയുണ്ടായെങ്കിലും രാജ്യത്തിന്റെ വ്യാപാര കമ്മി 2020-21 കാലയളവിൽ കുറഞ്ഞ് 7.34 ലക്ഷം കോടിയിലെത്തി. 2019-20 വർഷത്തിലെ 12.01 ലക്ഷം കോടി ഉണ്ടായിരുന്നതിൽ നിന്നാണ് ഈ നേട്ടം.
''ആഭ്യന്തര ആവശ്യത്തിലെ വർദ്ധനവാണ് സ്വർണഇറക്കുമതിയുടെ വർദ്ധനവിന് പിന്നിൽ. വരുംദിവസങ്ങളിലും ഇത് കൂടാനാണ് സാദ്ധ്യത.
- കോളിൻ ഷാ,
ചെയർമാൻ, ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജി.ജെ.ഇ.പി.സി)
എന്താണ് സി.എ.ഡി?
രാജ്യത്ത് വിദേശനാണയത്തിന്റെ വരവും പോക്കും തമ്മിലുള്ള വ്യത്യാസമാണ് സി.എ.ഡി അഥവാ കറണ്ട് അക്കൗണ്ട് കമ്മി. സ്വർണം, ക്രൂഡ് ഓയിൽ തുടങ്ങിയ ഉത്പന്നങ്ങൾ വിദേശരാജ്യങ്ങളിൽ നിന്ന് ഒരുപരിധിയിൽകൂടുതൽ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന്റെ വിദേശനാണയത്തിന്റെ പോക്ക് വർദ്ധിക്കാൻ ഇടയാക്കും. ഇത് സാമ്പത്തികനിലയെ തകർക്കുകയും ചെയ്യും. സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യംകൂടിയാണ് ഇന്ത്യ.
ഗ്രാമിന് ഒരു രൂപ വർദ്ധിച്ച് സ്വർണം പവന് 35, 328 ആയി.