sasikumaran

ജെയിൻ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഐ.എസ്.ആർ.ഒ ( ഇസ്റോ) ചാരക്കേസിലെ ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. ഇസ്റോ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ കേസിൽ കുടുക്കിയെന്ന ആരോപണം അന്വേഷിച്ച് നടപടിയടക്കം ശുപാർശ ചെയ്യാൻ റിട്ട. ജസ്റ്റിസ് ഡി.പി.ജെയിൻ അദ്ധ്യക്ഷനായ കമ്മിറ്റിയെ 2018 ൽ സുപ്രീം കോടതി നിയോഗിച്ചതായിരുന്നു. റിപ്പോർട്ട് പരസ്യമാക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം ആവശ്യമായ കാര്യങ്ങൾ അതിലുണ്ടെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.

നീണ്ട വർഷങ്ങളിലെ നിയമപ്പോരാട്ടത്തിലൂടെ നമ്പി നാരായണൻ നീതി നേടുന്ന ഈ ഘട്ടത്തിൽ കേരളം തിരയുന്ന മറ്റൊരു പേരുകാരനുണ്ട്. നമ്പിനാരായണനോടൊപ്പം ചാരക്കേസിൽ പീഡനം നേരിട്ട സഹപ്രവർത്തകനും ഇസ്റോയിലെ തന്നെ മുതിർന്ന ശാസ്ത്രജ്ഞനുമായിരുന്ന ഡി.ശശികുമാരൻ . ഇന്ത്യയ്ക്കു സ്വന്തമായി ക്രയോജനിക് എൻജിൻ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ടീമിന്റെ ചുക്കാൻ പിടിച്ചവരായിരുന്നു നമ്പിനാരായണനും ശശികുമാരനും .

തനിക്കു നേരിട്ട പീഡനങ്ങൾക്കെതിരെ നഷ്ടപരിഹാരം തേടി നമ്പി നാരായണൻ നിയമപോരാട്ടത്തിനിറങ്ങിയപ്പോൾ ശശികുമാരൻ മൗനം പാലിച്ചു. ശശികുമാരൻ ഇപ്പോൾ എവിടെയാണ് ? എന്തു ചെയ്യുന്നു ? കേസിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും ശശികുമാരന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നോക്കാം. ശശികുമാരൻ തിരുവനന്തപുരത്തു തന്നെയുണ്ട് .

." ഞാനെന്റെ കൊച്ചു മക്കളെയും കളിപ്പിച്ച് വീട്ടിൽക്കഴിയുന്നു." ശശികുമാരൻ പറഞ്ഞു.

" ഞാൻ നിയമ പോരാട്ടത്തിന് പോയില്ലെന്ന് ആര് പറഞ്ഞു." ശശികുമാരൻ ചോദിച്ചു.

" 1998 ലെ സുപ്രധാന ഉത്തരവിലൂടെ ചാരക്കേസ് വെറും കെട്ടുകഥയാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം വിധിച്ചല്ലോ... ആ കേസിൽ പെറ്റീഷണർ ഇൻ പേഴ്സണായി ഞാൻ നേരിട്ടു വാദിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്ന് എനിക്ക് നീതി ലഭ്യമായെന്ന് ഞാൻ കരുതുന്നു.

നഷ്ടപരിഹാരം ചോദിക്കുന്നതിൽ എന്താണ് തെറ്റ് ? ഒരു തെറ്റുമില്ല. എന്നാൽ അതിന് ഞാൻ പോകാതിരുന്നത് തികച്ചും വ്യക്തിപരമായ കാഴ്ചപ്പാടുകൊണ്ടാണ്. യഥാർത്ഥത്തിൽ ഐ.ബിയിലെയും കേരള പൊലീസിലെയും ഏതാനും ഉദ്യോഗസ്ഥർ വളർത്താൻ ശ്രമിച്ച ഒരു ഇല്ലീഗൽ ചൈൽഡ് അഥവാ നിയമ വിരുദ്ധമായ കുട്ടിയായിരുന്നു ഇസ്റോ ചാരക്കേസ്. ആ തെറ്റിനുള്ള നഷ്ടപരിഹാരം നികുതിപ്പണത്തിൽ നിന്നല്ല നൽകേണ്ടത്. ആ തെറ്റ് ചെയ്തവരിൽ നിന്നും ഈടാക്കേണ്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പിറകെ പോകാതിരുന്നത്. മാത്രമല്ല, നമ്പി തന്നെ എത്ര വർഷങ്ങൾ

പോരാടി. നമ്പി അനുഭവിച്ച പീഡനം മനസിലാക്കി സുപ്രീം കോടതി ശക്തമായി ഇടപെട്ട് നഷ്ട പരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.

ചാരക്കേസ് തീരുമ്പോൾ എനിക്ക് 56 വയസുണ്ട്. വലിയൊരു നിയമപ്പോരാട്ടത്തിനുള്ള ആയുസ് ഉണ്ടാകുമെന്ന് അന്ന് എങ്ങനെ കരുതും.? അല്ലെങ്കിൽത്തന്നെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് പണം കൊണ്ട് തിരികെത്തരാനാകുമോ? ഞാൻ ഡയറക്ടറായും നമ്പി ചെയർമാനായുമൊക്കെ വരേണ്ടവരായിരുന്നില്ലേ.. ആ നഷ്ടം എങ്ങനെ നികത്തും." -ശശികുമാരൻ ചോദിക്കുന്നു.

ഇക്കാര്യത്തിൽ കുറ്റകരമായ മൗനം ഇസ്റോയുടെ അന്നത്തെ നേതൃത്വത്തിൽ നിന്നുണ്ടായെന്നാണ് ശശികുമാരൻ പറയുന്നത്. ഇസ്റോയിൽ നിന്ന് ഒന്നും ചോർന്നിട്ടില്ലെന്ന് ചെയർമാന് പറയാമായിരുന്നു. എങ്കിൽ മൂന്ന് ദിവസം കൊണ്ട് ചാരക്കേസ് വെറും ചാരമാകുമായിരുന്നു. അത് ചെയ്തില്ലെന്ന് മാത്രമല്ല . എന്നെ അഹമ്മദാബാദിലേക്ക് സ്ഥലം മാറ്റി. ആ വിവരം പുറത്തു പറയാത്തതിനാൽ പൊലീസ് എന്നെ അറസ്റ്റ് ചെയ്തപ്പോൾ അഹമ്മദാബാദിലേക്ക് ഒളിച്ചുകടന്ന എന്നെ അവിടെ വച്ച് പിടികൂടിയെന്നായി ഭാഷ്യം. അങ്ങനെ എത്രയെത്ര അപമാനങ്ങൾ. ഇസ്റോ ചെയർമാന് കാര്യങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഞാൻ നൽകിയിരുന്നു. പക്ഷേ അത് പൂഴ്ത്തി. ആത്യന്തിക നഷ്ടം ഇസ്റോയ്ക്കല്ലേ. ക്രയോജനിക്കിൽ നമ്മൾ എത്രവർഷം പിന്നോട്ടു പോയി...?

ഒൗദ്യോഗിക രഹസ്യ നിയമത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിൽ പൊലീസ് ഈ തെറ്റ് ചെയ്യില്ലായിരുന്നു. സിബി മാത്യൂസിനായിരുന്നു അന്വേഷണ ചുമതല. സത്യം അന്വേഷിക്കാൻ മുതിരാത്ത അന്വേഷണ സംഘത്തലവനായിരുന്നു അദ്ദേഹം. ചെറിയ കുറ്റമല്ല അത്. ഐ.ബിക്കാരിൽ നിന്നും വലിയ ഉപദ്രവം നേരിട്ടു.

ജെയിൻ കമ്മിറ്റി തിരുവനന്തപുരത്ത് വന്നപ്പോൾ എന്നെ വിളിക്കുമെന്നു കരുതി. പക്ഷേ വിളിച്ചില്ല. ഇനി സി.ബി.ഐ വിവരങ്ങൾ തിരക്കുകയാണെങ്കിൽ എന്റെ കൈയിലുള്ള തെളിവുകൾ ഞാൻ നൽകും. തെറ്റ് ചെയ്തവർ ഉണ്ടെങ്കിൽ ശിക്ഷിക്കപ്പെടേണ്ടേ...? ശശികുമാരൻ ചോദിക്കുന്നു.

ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിൽ എക്സിക്യുട്ടീവ് ട്രെയിനി ആയിരിക്കെ അഡ്വാൻസ്ഡ് ട്രെയിനിംഗിനായി ജർമ്മനിയിൽ പോവുകയും ലോകത്തെ പ്രമുഖ മെറ്റീരിയൽ സയന്റിസ്റ്റായ ലീമോണ്ടിന്റെ കീഴിൽ അവിടെ പരിശീലനം നേടുകയും ചെയ്ത ശശികുമാരനെ വിക്രം സാരാഭായി നേരിട്ടാണ് വി.എസ്.എസ്.സിയിലേക്ക് ക്ഷണിച്ചത്. ആദ്യത്തെ ഇന്ത്യൻ നിർമ്മിത റോക്കറ്റായ സെന്റോറിന്റെയും ലോഞ്ച് വെഹിക്കളായ എസ്.എൽ.വിയുടെയുമൊക്കെ അണിയറ പ്രവർത്തകരിൽ പ്രമുഖനായിരുന്നു.