ഹൂസ്റ്റൺ: യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്സ് അറസ്റ്റിൽ. ഫ്ളോറിഡയിലെ 39കാരിയായ നഴ്സ് നിവിയാനെ പെറ്റിറ്റ് ഫെൽപ്സിനെയാണ് അറസ്റ്റ് ചെയ്തത്.
നിവിയാനെ വൈസ് പ്രസിഡന്റിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഫ്ളോറിഡ ജില്ല കോടതിയിൽ പരാതി ലഭിച്ചിരുന്നു.കമലാ ഹാരിസ് നിങ്ങൾ മരിക്കാൻ പോകുകയാണ്. നിങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞുവെന്നായിരുന്നു ഫെൽപ്സിന്റെ ഭീഷണി.ഫെൽപ്സ് 2001 മുതൽ ജാക്സൺ ഹെൽത്ത് സിസ്റ്റം എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
കമലാ ഹാരിസിനെതിരായ ഭീഷണി സന്ദേശം ജയിലിൽ കഴിയുന്ന ഭർത്താവിന് ജെപേ ആപ്ലിക്കേഷൻ വഴി അയച്ചുനൽകി. ജയിലിൽ കഴിയുന്ന തടവുകാർക്ക് കുടുംബവുമായി ബന്ധപ്പെടാനാണ് ജേപേ ഉപയോഗിക്കുന്നത്.
നിവിയാനെ വീഡിയോയിൽ പ്രസിഡന്റ് ജോ ബൈഡനെതിരെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെയും സംസാരിക്കുകയും കമല ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഫെബ്രുവരിൽ തോക്ക് ഉപയോഗിക്കാൻ പെർമിറ്റിന് അപേക്ഷ നൽകിയ നിവിയാനെ തോക്കുമായി നിൽക്കുന്ന ചിത്രവും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ കമലാ ഹാരിസ് ഒരു കൈ പേഴ്സിൽ പിടിച്ചതുമാണ് ഇവരെ ചൊടിപ്പിച്ചതെന്നാണ് വീഡിയോയിൽ പറയുന്നത്.
അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്. അതിന് പുറമെ, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ കറുത്ത വംശജ, ആദ്യ ദക്ഷിണേഷ്യൻ അമേരിക്കൻ വംശജ എന്നീ പ്രത്യേകതകളും കമലയ്ക്കുണ്ട്.