barcelona

സെവിയ്യ: കിരീടങ്ങൾ അകന്നുനിന്ന കഷ്ടകാലത്തിന് അറുതിവരുത്തി ബാഴ്സലോണ. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ അത്‌ലറ്റിക്ക് ബിൽബാവോയെ ഗോളിൽ മുക്കിയ ബാഴ്‌സ 2020-21 സീസണിലെ കോപ്പ ഡെൽ റേ(സ്പാനിഷ് കിംഗ്സ് കപ്പ്) കിരീടമാണ് സ്വന്തമാക്കിയത്. മറുപടിയില്ലാത്ത നാലു ഗോളിനായിരുന്നു . 2019നുശേഷം ഇതാദ്യമായാണ് ബാഴ്‌സ ഒരു കിരീടത്തിൽ മുത്തമിടുന്നത്. പരിശീലകനായി റൊണാൾഡ് കൂമാൻ ചുമതലയേറ്റശേഷമുള്ള ആദ്യ കിരീടം കൂടിയാണിത്.

ആദ്യ ഒരു മണിക്കൂർ ഗോൾ നേടാൻ ബുദ്ധിമുട്ടിയ ബാഴ്സ വെറും പന്ത്രണ്ട് മിനിറ്റിനിടയിലാണ് നാല് ഗോളുകൾ അടിച്ചുകൂട്ടിയത്. അന്റോയ്ൻ ഗ്രീസ്മാനും ഡി ജോംഗും ഓരോ ഗോൾ നേടിയപ്പോൾ സൂപ്പർ താരം ലയണൽ മെസി അവസാന രണ്ട് ഗോളുകളും നേടി. കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബാഴ്‌സയ്ക്കായി അറുപതാം മിനിട്ടിൽ ഗ്രീസ്മാനാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. മൂന്ന് മിനിട്ടിനുശേഷംഡി ജോംഗ് ലീഡുയർത്തി. 68,72 മിനിട്ടുകളിൽ മെസി വല കുലുക്കി.

31

ബാഴ്‌സയുടെ മുപ്പത്തിയൊന്നാം കിംഗ്സ് കപ്പ് കിരീടമാണിത്. കഴിഞ്ഞ പതിമൂന്ന് വർഷത്തിനിടെ നേടുന്ന ഏഴാം കിരീടവും. കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ തോൽക്കുകയായിരുന്നു.

2018/19

സീസണിലെ ലാ ലിഗ കിരീടത്തിന് ശേഷം ബാഴ്സലോണ നേടുന്ന ആദ്യ കിരീടമാണിത്.

വീണ്ടും ഫൈനൽ തോൽവി

രണ്ടാഴ്ചയ്ക്കുള്ളിൽ ബിൽബാവോ നേരിടുന്ന രണ്ടാമത്തെ ഫൈനൽ തോൽവിയാണിത്. കഴിഞ്ഞയാഴ്ച നടന്ന 2019-20 സീസണിലെ കിംഗ്സ് കപ്പ് ഫൈനലിൽ റയൽ സോസിഡാഡിനോട് അവർ പരാജയപ്പെട്ടിരുന്നു.