saudi

റിയാദ്: ഏറെക്കാലമായി ശത്രുക്കളായി തുടരുന്ന സൗദിയും ഇറാനും തമ്മിൽ അനുരഞ്ജന ചർച്ചകൾ ആരംഭിച്ചു. നാലു വർഷം മുമ്പ് നയതന്ത്ര ബന്ധം വഛേദിച്ചതിനു ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വച്ച് ഏപ്രിൽ ഒൻപതിനായിരുന്നു ആദ്യ ചർച്ച നടന്നത്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മുതിർന്ന നേതാക്കൾ ചർച്ചയിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇരുരാജ്യങ്ങളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ പിന്തുണയോടെ സൗദി കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചാവിഷയമായി. ചർച്ചയിൽ നല്ല പുരോഗതിയുണ്ടായതായാണ് വിവരം. ആണവ കരാർ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനുമായി ചർച്ചകൾ പുരോഗമിക്കവെയാണ് ഇരു വിഭാഗവും അനുരഞ്ജന ചർച്ചയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇറാനുമായുള്ള ആണവ ചർച്ചകളിൽ സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ കൂടി പങ്കെടുപ്പിക്കണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു.