ഇരട്ട സംവരണമെന്ന പ്രചാരണത്തിന് പിന്നിൽ ദുരുദ്ദേശ്യം
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരായ സുപ്രീം കോടതിയിലെ കേസിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ വീണ്ടും ഗൂഢനീക്കം. സംവരണത്തെ ചോദ്യം ചെയ്ത് എൻ.എസ്.എസും മറ്റും സമർപ്പിച്ച ഹർജികളിൽ ജൂലായ് 20ന് അന്തിമവാദം കേൾക്കാനിരിക്കെ , ഇരട്ട സംവരണമാണെന്ന പ്രതീതിയുണ്ടാക്കി കേസ് ഹർജിക്കാർക്ക് അനുകൂലമാക്കാനാണ് ശ്രമം.
കെ.എ.എസിലെ മൂന്ന് സ്ട്രീമിലെയും (ശ്രേണികളിലെയും) നിയമനങ്ങൾ പ്രൊമോഷൻ വഴിയോ സ്ഥലംമാറ്റം വഴിയോ അല്ല.പ്രത്യേക പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ നേരിട്ടാണ് നിയമനം.ഒരിക്കൽ സംവരണ നിയമനം ലഭിച്ചവർക്കും കെ.എ.എസിലെ നിയമനത്തിൽ സംവരണം ബാധകമാണ്.എന്നാൽ, കെ.എ.എസിലെ ഒന്നാം സ്ട്രീമിൽ മാത്രമാണ് സംസ്ഥാന സർക്കാർ ആദ്യം സംവരണം ഏർപ്പെടുത്തിയത്.ഇത് കെ.എ.എസിലെ ഉന്നത നിയമനങ്ങളിൽ പിന്നാക്ക-ദളിത് സമുദായങ്ങളുടെ വഴിയടയ്ക്കുമെന്ന് പിന്നാക്ക-ദളിത് സംഘടനകളും കേരള കൗമുദിയും ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ്, മുഖ്യമന്ത്രി ഇടപെട്ട് മൂന്ന് സ്ട്രീമിലും സംവരണം ബാധകമാക്കി ഉത്തരവായത്.
ഇത് ഇരട്ട സംവരണമാണെന്ന വാദമുയർത്തി നൽകിയ ഹർജികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു. തുടർന്ന്,കേസ് സുപ്രീം കോടതിയിലെത്തിയത് മുതൽ ഹർജിക്കാരെ സഹായിക്കുന്ന സമീപനമാണ് സർക്കാർ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന ആക്ഷേപം ഉയർന്നു. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് കേസിൽ സർക്കാർ എതിർ സത്യവാങ്മൂലം പോലും സമർപ്പിച്ചത്. കെ.എ.എസിലെ നിയമനങ്ങൾ പ്രൊമോഷൻ വഴി അല്ലെന്നിരിക്കെ, പ്രൊമോഷനിൽ സംവരണം ആകാമെന്ന രീതിയിലുള്ള മറ്റ് ചില കേസുകളും വിധിയും സർക്കാരിന് വേണ്ടി സമർപ്പിച്ച ഉപക്ഷേപത്തിൽ ഉദ്ധരിച്ചതും വിവാദമായിരുന്നു.കഴിഞ്ഞ ഏപ്രിൽ 6ന് അന്തിമ വാദത്തിന് വച്ചിരുന്ന കേസ് 13ലേക്കും പിന്നീട് ജൂലായ് 20 ലേക്കും മാറ്റുകയായിരുന്നു.
വസ്തുതകൾ ഇതായിരിക്കെ, ഇരട്ട സംവരണമാണെന്ന വാദത്തിന് ഊന്നൽ നൽകികൊണ്ട്, അത് നയപരമാണെന്ന സത്യവാങ്മൂലം സമർപ്പിച്ചതായി പ്രചരിച്ച വാർത്തയ്ക്ക് പിന്നിൽ ഹർജിക്കാർക്ക് അനുകൂലമായ വാദമുഖങ്ങൾ ഉയർത്തുകയെന്ന ആരോപണം ശക്തമാണ്.