സാൻഫ്രാൻസിസ്കോ : സോഫ്റ്റ്വെയർ കമ്പനിയായ അഡോബി ഇൻകോർപറേറ്റഡ് സഹസ്ഥാപകനും പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്(പിഡിഎഫ്) ഉപജ്ഞാതാവുമായ ചാൾസ് ചുക് ജെസ്കി അന്തരിച്ചു. 81 വയസ്സായിരുന്നു.
അഡോബി സമൂഹത്തിന് ജെസ്കിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് അഡോബി സിഇഒ ശന്തനു നാരായൺ അനുശോചിച്ചു. ചിത്രങ്ങളും അക്ഷരങ്ങളും പേപ്പറിൽ വ്യക്തതയോടെ അച്ചടിക്കാൻ ജെസ്കി എൺപതുകളിൽ രൂപം നൽകിയ അഡോബി പോസ്റ്റ് സ്ക്രിപ്റ്റാണ് ഡെസ്ക്ടോപ് അച്ചടിവിപ്ളവത്തിനു തിരികൊളുത്തിയത്. സാങ്കേതികവിദഗ്ധർക്കു യുഎസ് നൽകുന്ന പരമോന്നത ബഹുമതിയായ നാഷനൽ മെഡൽ ഓഫ് ടെക്നോളജി, മക്രോണി സൊസൈറ്റി നൽകുന്ന മക്രോണി പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്. നാൻസിയാണ് ഭാര്യ, മൂന്നു മക്കളുണ്ട്.