chelsea

എഫ്.എ കപ്പ് സെമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ 1-0ത്തിന് തകർത്ത് ചെൽസി

സീസണിലെ നാല് കിരീടങ്ങളും നേടാമെന്ന സിറ്റിയുടെ മോഹം പൊലിഞ്ഞു

ലണ്ടൻ∙ ഈ സീസണിൽ നാലി ട്രോഫികൾ അലമാരയിലെത്തിക്കാമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ’ മോഹം തകർത്ത് ചെൽസി എഫ്‍.എ കപ്പ് ഫൈനലിൽ. പ്രിമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ലീഗ് കപ്പിലും കിരീടപ്രതീക്ഷയുള്ള സിറ്റിയെ എഫ്.എ കപ്പിന്റെ ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി വീഴ്ത്തിയത്. 55–ാം മിനിറ്റിൽ ജർമൻ താരം ടിമോ വെർണറിന്റെ പാസിൽനിന്ന് ഹക്കിം സിയേഷാണ് ചെൽസിയുടെ വിജയഗോൾ നേടിയത്. ലെസ്റ്റർ സിറ്റി – സതാംപ്ടൺ രണ്ടാം സെമിഫൈനൽ വിജയികളാണ് കലാശപ്പോരിൽ ചെൽസിയുടെ എതിരാളികൾ.

സീസണിലെ നാല് പ്രധാന കിരീടങ്ങളും ചൂടി ‘ക്വാഡ്രപ്പിൾ’ തികയ്ക്കാനുള്ള സിറ്റിയുടെ മോഹങ്ങളാണ് വെംബ്ലി സ്റ്റേഡിയത്തിൽ വീണുടഞ്ഞത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മറ്റു ടീമുകളേക്കാൾ ബഹുദൂരം മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റി കിരീടം ഉറപ്പിച്ചുകഴിഞ്ഞു. യുവേഫ ചാംപ്യൻസ് ലീഗിൽ ബൊറൂഷ്യ ഡോർട്മുണ്ടിനെ മറികടന്ന് സെമിയിലെത്തി. ഈ മാസം 25ന് ലീഗ് കപ്പ് ഫൈനലിൽ ടോട്ടനം ഹോ‍ട്സ്‍പറിനെ നേരിടുന്നു. ഇതിനൊപ്പം എഫ്.എ കപ്പും സ്വന്തമാക്കാമെന്ന മോഹമാണ് ഉടഞ്ഞുവീണത്.