കൊച്ചി: മുൻഗണനാ ഓഹരി വില്പനയിലൂടെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സമാഹരിച്ചത് 162 കോടിരൂപ. നിലവിലുള്ള നിക്ഷേപകർ ഉൾപ്പടെ യോഗ്യരായ നിക്ഷേപകർക്കായി ആകെ 2.18 കോടിരൂപയുടെ ഓഹരികളാണ് മുൻഗണനാ വിഭാഗത്തിൽ നീക്കിവച്ചിരുന്നത്. 75 രൂപയായിരുന്നു പ്രതി ഓഹരിവില. ഈ പ്രതികൂല സമയത്തും നിക്ഷേപകർ കാണിക്കുന്ന അനുകൂല പ്രതികരണം വലിയ ലക്ഷ്യങ്ങൾ നേടാനുള്ള കരുത്താണെന്ന് ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.പോൾ തോമസ് പറഞ്ഞു. 2020-21 കാലയളവിൽ 25.86ശതമാനം വളർച്ചയാണ് മൊത്ത ബിസിനസിൽ ഇസാഫിനുണ്ടായത്. 96 പുതിയ ഔട്ട്ലെറ്റുകളും ഈ കാലയളവിൽ തുറന്നതോടെ ആകെ ശാഖകളുടെ എണ്ണം 550 ആവുകയുംചെയ്തു. നിലവിൽ, 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഇസാഫിന് ശാഖകളുണ്ട്.
'' സമാഹരിച്ച അധികമൂലധനം ബാങ്കിന്റെ മൂലധന പര്യാപ്തത 250 ബേസിസ് പോയിന്റുകൾ ഉയർത്തി കൂടുതൽ ശക്തിപ്പെടുത്തുകയും 2021-22 വർഷത്തിൽ ലക്ഷ്യമിട്ട സാമ്പത്തികവളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യും. കഴിഞ്ഞവർഷം നടത്താനിരുന്ന പ്രഥമ ഓഹരിവില്പന ഇപ്പോഴത്തെ ആശ്വാസ്യകരമായ വിപണി,മൂലധന നില കണക്കിലെടുത്ത് മാറ്റിവയ്ക്കാനും തീരുമാനിച്ചു."-
കെ.പോൾ തോമസ്
എം.ഡി, സി.ഇ.ഒ
ഇസാഫ് ബാങ്ക്