തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിച്ച് കൊവിഡ് 19 രോഗം. ഇന്ന് ഏഴ് ജില്ലകളിൽ ആയിരത്തിലധികം പേർക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. അതേസമയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്ന് മാത്രം രോഗം കണ്ടെത്തിയത് രണ്ടായിരത്തിലധികം പേരിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവർ ആയിരത്തിന് മുകളിലുള്ള ജില്ലകളിലെ കൊവിഡ് കണക്ക് ഇനി പറയുന്നു.
എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചിരുന്നു. പ്രതിദിന കൊവിഡ് കണക്കിൽ വൻ വർദ്ധനവുണ്ടായതായി കാണുന്നതിന്റെ ഒരു കാരണം ഇതാണ്. 16.77 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് സംസ്ഥാനത്ത് 18,257 പേരിലാണ് കൊവിഡ് രോഗം കണ്ടെത്തിയത്. ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്ക് ഇത്രയധികം ഉയരുന്നതെന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങൾ കൊവിഡ് 19 മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം മൂലം സംസ്ഥാനത്തുണ്ടായ മരണങ്ങളുടെ എണ്ണം 4929 ആയി ഉയർന്നു.