തിരുവനന്തപുരംഃ സ്വർണം വാങ്ങാനെന്ന വ്യാജേന ജുവലറികളിലെത്തി മുളക് പൊടി എറിഞ്ഞ് സ്വർണ കവർച്ച നടത്തിയ സംഭവത്തിൽ പിടിയിലായ ദമ്പതികൾക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. ബാലരാമപുരത്തെ ജുവലറിയിൽ ഏതാനും ആഴ്ചമുമ്പ് സമാന രീതിയിൽ സ്വർണം കവർന്നത് ഇവരാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ മറ്റ് സ്ഥലങ്ങളിൽ നിന്നും ഇവർക്കെതിരെ പരാതിയുമായി പലരും പൊലീസിനെ സമീപിച്ചതായാണ് വിവരം. കാട്ടാക്കട കോടതി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് സംഘം.
മലയിൻകീഴ് മഠത്തിൻകര രമ്യ നിലയത്തിൽ ഹരികൃഷ്ണൻ (25), ഭാര്യ അനീഷ (23), മലയിൻകീഴ് ഐത്തിങ്കൽകര പുതുവൽ പുത്തൻ വീട് വിഷ്ണുഭവനിൽ വിഷ്ണു(22),ഭാര്യ കുറ്റിച്ചൽ സ്വദേശിനി അൻഷ (24) എന്നിവരാണ് കവർച്ചാകേസിൽ റിമാൻഡിലായത്.
പ്രതികളിൽ ഹരികൃഷ്ണനും ഭാര്യ അനീഷയും ഈ മാസം 9ന് ബൈക്കിൽ ബാലരാമപുരത്തെ ജുവലറിയിലെത്തി ഒന്നേമുക്കാൽ പവൻ സ്വർണം സമാന രീതിയിൽ തട്ടിയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ കുറ്റിച്ചലിലെ ജുവലറിയിൽ നിന്നും സ്വർണം കവർന്ന് കടക്കുന്നതിനിടെ ഇവർ പൊലീസ് പിടിയിലായത്.
റൂറൽ എസ്.പി പി.കെ.മധു, കാട്ടാക്കട ഡിവൈ.എസ്.പി എസ്.ഷാജി എന്നിവരുടെ ചോദ്യം ചെയ്യലിൽ ബാലരാമപുരത്ത് നിന്ന് സ്വർണം കവർന്നതും തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചു.
കുറ്റിച്ചലിൽ ജുവലറി ഉടമ സന്തോഷിന്റെ മുഖത്ത് മുളക് പൊടി എറിഞ്ഞത് വിഷ്ണുവാണ്. ഈ സമയം വിഷ്ണുവിന്റെ ഭാര്യ അൻഷ മൂന്ന് പവൻ വീതം തൂക്കമുള്ള രണ്ട് സ്വർണ മാല കൈക്കലാക്കി കാറിലേക്ക് കയറി. തട്ടിപ്പ് സംഘം ബുധനാഴ്ച രാവിലെയും ജുവലറിയിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ വീണ്ടും വന്ന സംഘം സ്വർണം തിരഞ്ഞെടുത്ത് മാറ്റി വയ്ക്കാനാവശ്യപ്പെട്ടു. പണവുമായി വൈകിട്ട് വരാമെന്ന് പറഞ്ഞ് മടങ്ങിയ ശേഷം രാത്രി ഏഴരയോടെ കവർച്ച നടത്തുകയായിരുന്നു. സ്വർണം തട്ടിയെടുത്ത സംഘം കാറിൽ കാട്ടാക്കട ഭാഗത്തേക്ക് പോയി.
രാത്രി മലയിൻകീഴ് ബ്ലോക്ക് ഓഫീസിന് സമീപം കാർ കണ്ടതായി സ്റ്റേഷനിൽ വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് അറുപതിനായിരം രൂപയും മൂന്നു പവന്റെ സ്വർണവും കണ്ടെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.