തിരുവനന്തപുരം: ഭീമാ ഗ്രൂപ്പ് ജുവലറി ഉടമ ബി. ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവിന്റെ സി.സി. ടി.വി ദൃശ്യം പുറത്തുവിട്ടതിന് പിന്നാലെ, സമീപത്തെ മറ്റ് വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങളും ശേഖരിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. മോഷണം നടന്ന വീടിന് പിൻഭാഗത്തുള്ള വീടുകളിലെ ദൃശ്യങ്ങളാണ് സ്വീകരിക്കുന്നതെന്ന് മ്യൂസിയം സി.ഐ പറഞ്ഞു. മോഷ്ടാവ് വന്നതും തിരിച്ചു പോയതും വീടിന് പിന്നിലൂടെയായിരുന്നു.
വലത് കൈയിൽ ടാറ്റു പതിച്ച മോഷ്ടാവിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പ്രതിയെക്കുറിച്ചറിയാവുന്നവർ മ്യൂസിയം പൊലീസിന് വിവരം കൈമാറണമെന്ന് അറിയിച്ചിട്ടുണ്ട്.
രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. പുലർച്ചെ ഒന്നരയ്ക്കും മൂന്നിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
ബംഗളൂരുവിലേക്ക് പോകാനിരുന്ന മകളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. വീടിന് പിന്നിലെ കോറിഡോറിലൂടെയാണ് കള്ളൻ അകത്ത് കയറിയതെന്നാണ് സി.സി ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. തുറക്കാൻ കഴിയുന്ന ഒരു ജനൽപ്പാളി വഴിയാണ് കള്ളൻ അകത്ത് കയറിയത്. അടുത്ത വീടുവഴി ഇവിടേക്ക് ചാടിക്കടക്കാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് നിഗമനം.
വീട്ടിൽ ജോലിക്കുണ്ടായിരുന്നവരെയും, മുമ്പ് ജോലിക്ക് വന്നവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇക്കൂട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നുവെന്നും ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.