ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലെ വേലിക്കുള്ളിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ അതിർത്തി സുരക്ഷാ സേന പിടികൂടി. ലാഹോർ സ്വദേശി അംജദ് അലി എന്ന മാജിദ് ജട്ട് (28) ആണ് പിടിയിലായത്. ഏപ്രിൽ ആറിന് അർദ്ധരാത്രി ഫിറോസ്പുരിലെ ഖേംകരൻ മേഖലയിൽ 20 കിലോ ഹെറോയിൻ കടത്താനായിരുന്നു ശ്രമം. വെടിയുതിർത്തതിനെ തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു. അതിർത്തി വേലിക്കപ്പുറത്തുനിന്ന് പി.വി.സി പൈപ്പ് ഉപയോഗിച്ച് മയക്കുമരുന്ന് പാക്കറ്റുകൾ കുത്തി ഇപ്പുറത്തെത്തിക്കുകയാണ് രീതി. അതിർത്തിയിൽ സജീവമായി മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട പാക് പൗരനെ ജീവനോടെ പിടികൂടാനായത് ആദ്യമാണെന്ന് അധികൃതർ പറഞ്ഞു.