കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ പാനൂരിലെ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന പ്രാഥമിക നിരീക്ഷണം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. സംഭവം ആത്മഹത്യയാക്കി മാറ്റാൻ അന്വേഷണ സംഘത്തിന് മേൽ ശക്തമായ സമ്മർദ്ദം ഉണ്ടെന്നാണ് അറിയുന്നത്. മരണം ആത്മഹത്യയോ, കൊലപാതകമോ എന്ന് തറപ്പിച്ചുപറയാൻ അന്വേഷണ സംഘം ഇതേവരെ തയ്യാറായിട്ടില്ല. കൊലപാതകമാണെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും പൊലീസ് നാടകം കളിക്കുകയാണെന്നാണ് ഉയർന്നുവരുന്ന ആരോപണം. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം രതീഷിന്റെ കൂടെ ഒളിവിലുണ്ടായിരുന്ന കൂട്ടുപ്രതികൾ നൽകിയ മൊഴി മുഖവിലക്കെടുക്കാൻ തയ്യാറായിട്ടില്ല. രതീഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് മൻസൂർ വധക്കേസിൽ അറസ്റ്റിലായ വിപിൻ, ശ്രീരാഗ് എന്നിവർ പൊലീസിൽ നൽകിയ മൊഴി. രതീഷിനെ കൊന്ന് കെട്ടിതൂക്കിയതാണെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ് കെ. സുധാകരനോട് അതിന് തെളിവ് നൽകണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വെല്ലുവിളിച്ചിരുന്നു. ലീഗ് സംഘത്തിന്റെ അക്രമത്തിൽ പരിക്കേറ്റ രതീഷ് മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് സി.പി.എം ആരോപിക്കുന്നു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രതീഷിന്റെ മാതാവ് പത്മിനി ഡി.ജി.പിക്കും മറ്റും പരാതി നൽകിയിരുന്നു.
രതീഷിന് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായും ഇവർ പറഞ്ഞിരുന്നു. മൂന്നു പേരാണ് രതീഷിനൊപ്പം ഒളിവിലുണ്ടായിരുന്നത്. മറ്റാരും ഒളിയിടത്തിൽ താമസിച്ചതിന് തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട രതീഷിന്റെ ശരീരത്തിൽ പതിനാറ് മുറിവുകൾ ഉണ്ടായിരുന്നു. കഴുത്ത്, കൈ, വയർ, പാദം, തുടങ്ങിയ സ്ഥലങ്ങളിലാണ് പരിക്ക് കാണപ്പെട്ടത്. പരിക്ക് കൊലചെയ്യുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ് മോർട്ടം നടത്തിയ സർജനുമായി രണ്ട് തവണ റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസ് സാദ്ധ്യതകൾ വിലയിരുത്തിയെങ്കിലും കൊലയാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. വളയത്തെ ആളൊഴിഞ്ഞ പറമ്പിൽ ഒളിവിൽ കഴിയവേ പ്രാഥമിക കൃത്യത്തിനെന്ന് പറഞ്ഞ് പോയ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഒളിവിൽ കഴിഞ്ഞ കൂട്ടു പ്രതിയുടെ മൊഴി. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിക്രമന്റെ സംഘം അറസ്റ്റ് ചെയ്ത പെരിങ്ങളം സ്വദേശി വിപിനാണ് (28) പൊലീസിന് ഈ മൊഴി നൽകിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ശ്രീരാഗും രതീഷും താനും ഒരുമിച്ചാണ് ഒളിവിൽ കഴിഞ്ഞതെന്നും വിപിൻ പറഞ്ഞു. സമാനമായി നേരത്തെ ഇത്തരം കേസുകളിൽ പ്രതികളായ ഒൻപത് ആളുകൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. കൊലയുടെ ഗൂഢാലോചന ഉന്നതരിലേക്ക് എത്തുമോ എന്ന ഭയംകൊണ്ട് കൊന്നുതള്ളുന്നതാണെന്ന് കെ.സുധാകരൻ എം.പി നേരത്തെ ആരോപിച്ചിരുന്നു.