v-muraleedharan

ആലപ്പുഴ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന് വിമർശിക്കാമെങ്കിൽ മുഖ്യമന്ത്രിയെ വിമർശിക്കാൻ തനിക്കും അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

'കേന്ദ്രമന്ത്രി മിണ്ടാതിരിക്കണം എന്ന് സി.പി.എം ആഗ്രഹിക്കുന്നുണ്ട്. അതു വിലപ്പോവില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയെ ആക്ഷേപിച്ച് 'ആ തടി പോരാ' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രത്തോളം ഞാൻ പറഞ്ഞിട്ടില്ല. വളരെ മൃദുവായി മുഖ്യമന്ത്രിയെക്കുറിച്ച് പറയുകയാണ് ചെയ്തത്. പരനാറി, കുലംകുത്തി, നികൃഷ്ടജീവി ഇങ്ങനെയുള്ള വാക്കുകളും ഉപയോഗിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. മാതൃകയാകേണ്ട മുഖ്യമന്ത്രി തന്നെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും വിധം പെരുമാറിയതുകൊണ്ടാണത് പറഞ്ഞത്. സി.പി.എം എന്റെ ജീവന് ഭീഷണി ഉയർത്തിയ കാലത്തുപോലും പിൻമാറിയിട്ടില്ല. അതുകൊണ്ട് ഓലപ്പാമ്പ് കാട്ടിയൊന്നും പേടിപ്പിക്കാൻ നോക്കേണ്ട.
സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ആരോപണങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. സ്വന്തം പാർട്ടി പോലും പലതവണ തള്ളിപ്പറഞ്ഞ സെക്രട്ടറിയാണ് അദ്ദേഹം. കേരളത്തിന് കൊവിഡ് വാക്‌സിൻ ലഭ്യമാക്കാൻ ഇടപെടണമെന്ന് ഒരാളും തന്നോട് ആവശ്യപ്പെട്ടില്ല. സി.പി.എമ്മിൽ ക്രിമിനലുകൾ ഉണ്ടെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞ് ജി. സുധാകരൻ തുറന്നു പറഞ്ഞത് നന്നായി'- മുരളീധരൻ പറഞ്ഞു.