mask

ജറുസലേം: രാജ്യത്തെ വാക്സിനേഷൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി അവകാശപ്പെട്ട് ഇസ്രയേൽ. വാക്സിനേഷൻ ആരംഭിച്ചതിനു ശേഷം കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന ചട്ടം എടുത്തു നീക്കി ഇസ്രയേൽ. രാജ്യത്ത് 54 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയതായി ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. 93 ലക്ഷം ജനസംഖ്യയുള്ള ഇസ്രയേലിൽ ജനങ്ങൾക്ക് ഫൈസർ വാക്സിനാണ് സർക്കാർ നൽകുന്നത്. പുതിയ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതിനാലാണ് പുറത്തിറങ്ങമ്പോൾ മാസ്‌ക് വേണ്ടെന്ന് സർക്കാർ വ്യക്തമാക്കിയത്. ഒരു വർഷം മുൻപ് രാജ്യത്ത് കൊവിഡ് പടർന്നു പിടിച്ചപ്പോൾ മാസ്‌ക് നിർബന്ധമാക്കുകയും നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്തിരുന്നു. അതേസമയം, കെട്ടിടങ്ങൾക്കു പുറത്തു മാത്രമാണ് മാസ്‌ക് ഒഴിവാക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ഹാളുകൾക്കുള്ളിൽ നടക്കുന്ന പരിപാടികളിൽ ഇപ്പോഴും മാസ്‌ക് നിർബന്ധമാണ്. , നഴ്സറി ക്ലാസുകൾ ഉൾപ്പെടെ സ്‌കൂളുകളും പൂർണമായി പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.

കെട്ടിടങ്ങൾക്കു വെളിയിൽ മാസ്‌ക് നിർബന്ധമില്ലെങ്കിലും ക്ലാസ് മുറികളിൽ വായൂസഞ്ചാരം ഉറപ്പാക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജനങ്ങൾ പരമാവധി സാമൂഹിക അകലം ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്. കിഴക്കൻ ജറുസലേമിലെ പലസ്തീനിയൻ ജനതയ്ക്കും വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. ഇസ്രയേലും റഷ്യയും വികസിപ്പിച്ച വാക്സിനുകളും യുഎഇയും കൊവാക്സ് സഖ്യവും നൽകുന്നതുമായ വാക്സിനുകളാണ് നല്കുന്നത്.

ഇസ്രയേലിനു പുറമെ യൂറോപ്യൻ രാജ്യങ്ങളും യുഎസും വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കി വരികയാണ്.