ipl

ചെന്നൈ: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 38 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗ്ലെൻ മാക്സ്‌വെല്ലിന്റെയും എബി ഡിവില്ലിയേഴ്സിന്റെയും കരുത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി 4 വിക്കറ്റിന് 204 റൺസ് നേടി. 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കാനേ സാധിച്ചുള്ളൂ.

20 പന്തിൽ നിന്ന് 31 റൺസെടുത്ത ആന്ദ്രേ റസ്സൽ അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും ജയം അകലെനിന്നു. 205 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കായി ശുഭ്മാൻ ഗിൽ തകർത്തടിച്ചാണ് തുടങ്ങിയത്. എന്നാൽ 21 റൺസെടുത്ത ഗില്ലിനെ രണ്ടാം ഓവറിൽ ജാമിസൺ പുറത്താക്കി.

പിന്നാലെയെത്തിയ രാഹുൽ ത്രിപാഠി . 20 പന്തിൽ നിന്ന് അഞ്ചു ഫോറുകളടക്കം 25 റൺസെടുത്തു. ത്രിപാഠിയെ ആറാം ഓവറിൽ വാഷിംഗ്ടൺ സുന്ദറാണ് മടക്കിയത്.

ആർ.സി.ബിക്കായി കൈൽ ജാമിസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചാഹൽ, ഹർഷൽ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തിരുന്നു. അർദ്ധ സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്‌വെല്ലും എ ബി ഡിവില്ലിയേഴ്സുമാണ് ആർ.സി.ബിക്കായി തിളങ്ങിയത്. മാക്സ്‌വെല്ലാണ് ആർ.സി.ബിയുടെ ടോപ് സ്‌കോറർ. 49 പന്തുകൾ നേരിട്ട താരം മൂന്നു സിക്സും ഒമ്പത് ഫോറുമടക്കം 78 റൺസെടുത്തു.

അവസാന ഓവറുകളിൽ തകർത്തടിച്ച ഡിവില്ലിയേഴ്സ് വെറും 34 പന്തുകളിൽ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 76 റൺസോടെ പുറത്താകാതെ നിന്നു.