കൊളംബോ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്നവർക്ക് ശ്രീലങ്ക നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. വിദേശത്ത് നിന്ന് എത്തുന്നവരിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണം നടപ്പാക്കാനൊരുങ്ങി ശ്രീലങ്കൻ ഭരണകൂടം.
ഈ മാസം മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 15 ശതമാനം കോവിഡ് കേസുകൾ വിദേശത്ത് നിന്ന് എത്തിയവരിലാണെന്നാണ് പുതിയ കണക്കുകൾ. വൈറസിന്റെ കൂടുതൽ വ്യാപനം തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച 52,710 പേരിൽ 1,593 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് ശ്രീലങ്കയിൽ എത്തിയവരാണ്. പശ്ചിമേഷ്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്നും ശ്രീലങ്കൻ ആരോഗ്യ വിദഗ്ധൻ സമരവീര വ്യക്തമാക്കി.
ശ്രീലങ്കയിൽ ഇതുവരെ 96,000 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 615 പേർ മരണപ്പെടുകയും ചെയ്തു.