george

കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റുമായ കർദിനാൾ ജോർജ് ആലഞ്ചേരിയ്ക്ക് ഇന്ന് 76 വയസ്. സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ ആറരയ്ക്ക് കർദിനാൾ ദിവ്യബലിയർപ്പിക്കും. ആഘോഷങ്ങളില്ല.
ചങ്ങനാശേരി തുരുത്തിയിലെ ആലഞ്ചേരി ഫിലിപ്പോസ് - മറിയാമ്മ ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായി 1945 ഏപ്രിൽ 19 നാണ് ജനനം. പാറേൽ സെമിനാരിയിൽ വൈദികപഠനത്തിനൊപ്പം എസ്.ബി കോളജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ രണ്ടാം റാങ്കോടെ വിജയിച്ചു.
1972 ഡിസംബർ 18 നാണ് വൈദികപട്ടം സ്വീകരിച്ചത്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ദൈവശാസ്ത്രത്തിൽ മാസ്റ്റർബിരുദം ഒന്നാം റാങ്കോടെ പൂർത്തിയാക്കി.
1996 ൽ തക്കല രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ പ്രഥമ മെത്രാനായി. 2011 ഏപ്രിലിൽ മേജർ ആർച്ച്ബിഷപ്പായി. മേയ് 29 നായിരുന്നു സ്ഥാനാരോഹണം. 2012 ഫെബ്രുവരി 18 ന് കർദിനാൾ സ്ഥാനം ലഭിച്ചു. 2013 ൽ ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞെടുത്ത കോൺക്ലേവിൽ കർദിനാൾ ആലഞ്ചേരിയും പങ്കെടുത്തിരുന്നു. മാർപാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള കർദിനാൾമാരിൽ ഒരാളാണ് ആലഞ്ചേരി.