തിരുവനന്തപുരം: രോഗികൾക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കൽ സെന്ററിലെ ഹൃദയശസ്ത്രക്രിയ നിലച്ചു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികൾക്കും രണ്ട് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചത്. ന്യൂറോസർജറി വിഭാഗത്തിലും അടിയന്തരപ്രാധാന്യമുള്ള ശസ്ത്രക്രിയകൾ മാത്രമാവും നടത്തുക. രോഗികളെയും ജീവനക്കാരെയും കൂടുതൽ പരിശോധനകൾക്കും വിധേയരാക്കും.
അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 18,257 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുമുൻപുള്ള ദിവസം ഇത് 13,835 ആയിരുന്നു. 24 മണിക്കൂറിനകം 4,422 രോഗികളുടെ വർദ്ധനവാണുണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ സംസ്ഥാന റെക്കാഡാണിത്. 16.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 25 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. അതിവേഗ വ്യാപനമുയർത്തുന്ന വെല്ലുവിളിക്കൊപ്പം മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ കൊവിഡ് വാർഡുകളിൽ രോഗികൾ നിറഞ്ഞതോടെ സ്ഥിതി സങ്കീർണമായിരിക്കുകയാണ്.
ഇന്ത്യയിലാകെ ഇന്നലെ 2.61 ലക്ഷത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗികൾ ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യയിലായി.1501പേരാണ് 24 മണിക്കൂറിൽ രാജ്യത്താകെ മരിച്ചത്. അതിവേഗം വ്യാപിക്കുന്നതും മാരകവുമായ, ജനിതകമാറ്റം വന്ന വകഭേദം രാജ്യത്താകെ നിരവധി സാംപിളുകളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുണ്ട്. രാജ്യത്ത് വാക്സിനും ഓക്സിജനും ക്ഷാമം നേരിടുന്നത് പ്രതിരോധ, ചികിത്സാ നടപടികൾക്ക് ഒരുപോലെ തിരിച്ചടിയാവുകയും ചെയ്യുന്നു.