
ഹൂസ്‌റ്റൺ: ടെസ്‌ലയുടെ ഡ്രൈവറില്ലാ കാർ അപകടത്തിൽ പെട്ട് രണ്ടുപേർ മരണമടഞ്ഞു. അമേരിക്കയിലെ ഹൂസ്‌റ്റണിലാണ് സംഭവം. അമിതവേഗത്തിലായിരുന്നു കാർ എന്നാണ് റിപ്പോർട്ട്. വേഗതയിൽ റോഡിലെ വളവ് തിരിയുന്നതിന് പകരം നേരെ കുതിച്ചുപോയ കാർ റോഡിന് പുറത്തേക്ക് തെറിച്ച് മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ അഗ്നി സുരക്ഷാ വിഭാഗവും പൊലീസും തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് വാഹനത്തിലെ മുന്നിലും പിന്നിലുമുളള സീറ്റിൽ ഓരോരുത്തർ വീതം പൊളളലേറ്റ് മരിച്ചതായി കണ്ടെത്തിയത്. മരണമടഞ്ഞവരിൽ ഒരാൾക്ക് 59ഉം മറ്റൊരാൾക്ക് 71ഉം വയസുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് ടെസ്‌ല കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ടെസ്‌ല വാഹനങ്ങൾ അപകടത്തിൽ പെട്ടതിന്റെ 27ഓളം കേസുകളിൽ മാർച്ച് മാസത്തിൽ അന്വേഷണം ആരംഭിച്ചതായി യു.എസ് വാഹന സുരക്ഷാ ഏജൻസി മുൻപ് അറിയിച്ചിരുന്നു. സുരക്ഷാ, നിയമ മാനദണ്ഡങ്ങളിൽ കൃത്യത വരുത്താത്തതിനാൽ രാജ്യത്ത് ഡ്രൈവറില്ലാ വാഹനങ്ങൾ വാഹന വിപണിയിൽ സജീവമായിട്ടില്ല.
പൂർണമായും ഓട്ടോമാറ്റിക് മോഡുളള സോഫ്‌റ്റ്‌വെയർ ടെസ്‌ല പുറത്തിറക്കാനിരിക്കെ ടെസ്‌ലയുടെ സെമി ഓട്ടോമാറ്റിക് കാറുകൾ സൃഷ്‌ടിക്കുന്ന അപകടങ്ങൾ തന്നെ ചർച്ചയാകുകയാണ്. പൂർണമായും ഓട്ടോമാറ്റിക് ആയ കാറുകളെ കുറിച്ച് തനിക്ക് പൂർണ ആത്മവിശ്വാസമാണെന്നാണ് ഇലോൺ മസ്‌ക് മുൻപ് പ്രതികരിച്ചിരുന്നത്. ഇതിനിടെയാണ് തുടരെയുണ്ടാകുന്ന അപകടങ്ങൾ.