കൊച്ചി: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നാടെല്ലാം അരിച്ചുപെറുക്കുമ്പോൾ സാനു മോഹന്റെ വാട്സാപ്പ് നമ്പർ ശനിയാഴ്‌ച വൈകിട്ട് ആക്‌ടീവ് ആയിരുന്നതായി വിവരം. ആലപ്പുഴയിൽ നിന്ന് മാർച്ച് 2ന് കാണാതായത് മുതൽ സാനു മോഹന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സഞ്ചരിക്കുന്ന ലൊക്കേഷൻ സൈബർ പൊലീസ് കണ്ടെത്താതായിരിക്കാനാണ് ഇതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം.
അതേസമയം, ശനിയാഴ്‌ച എന്തുകൊണ്ട് വാട്സാപ്പ് ആക്‌ടീവ് ആക്കിയെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഒന്നുകിൽ അറസ്റ്റിന് സാനു മോഹൻ തന്നെ വഴിയൊരുക്കിയിരിക്കാം. അല്ലെങ്കിൽ ഒരു ദിവസം നേരത്തെ തന്നെ സാനു പൊലീസിന്റെ കസ്റ്റഡിയിൽ ആയിരിക്കാമെന്നാണ് വിവരം.
കർണാടക പൊലീസിന്റെ സഹായത്തോടെ സാനുവിനെ പിടികൂടിയെന്ന വാദം ശരിയാണെങ്കിൽ എന്തുകൊണ്ട് സൈബർ വിംഗിന് ഫോൺ ലൊക്കേഷൻ കണ്ടെത്താനായില്ലെന്ന ചോദ്യത്തിന് പൊലീസ് മറുപടി നൽകേണ്ടിവരും. വാട്സാപ്പ് ആക്‌ടീവ് ആയിട്ടും സൈബർ വിംഗ് ഇതു കണ്ടെത്തി പ്രത്യേക സംഘത്തിന് വിവരം നൽകിയില്ലെന്നത് വലിയ പിഴവാണ്. എന്നാൽ ഇതൊരു സാദ്ധ്യത മാത്രമാണെന്നും പറയുന്നവരുണ്ട്.
സാനുവിനെ ഒരു ദിവസം മുമ്പ് തന്നെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കാം. ചോദ്യം ചെയ്യലിനും വിവരങ്ങൾ ശേഖരിക്കാനുമായി, പിടിയിലായ വിവരം അന്വേഷണ സംഘം വൈകിയാവാം പുറത്തുവിട്ടത്. അങ്ങനെയങ്കിൽ കസ്റ്റഡിയിൽ ആയിരിക്കെയാവാം ഫോൺ ആക്‌ടീവ് ആയത്.