ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അവലോകന യോഗം ആരംഭിച്ചു. രാജ്യത്ത് ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2.73 ലക്ഷം പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ ഇന്നുമുതൽ ഒരാഴ്ചത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു
തുടർച്ചയായ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി കൊവിഡ് അവലോകന യോഗം ചേരുന്നത്. ഇന്നലെ രാജ്യത്തെ സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്തിരുന്നു. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും മോദി നിർദേശം നൽകിയിരുന്നു.