മാങ്ങയുടെ മണവും ഇഞ്ചിയുടെ സ്വാദും ചേരുമ്പോൾ മാങ്ങായിഞ്ചി ആയി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷ്യരുചി. കേരളത്തിന്റെ കാലാവസ്ഥയ്‌ക്ക് ഏറെ അനുയോജ്യമായ ഒന്നാണ് മാങ്ങായിഞ്ചി. വീട്ടുത്തൊടിയിലോ പറമ്പിലോ ഗ്രോബാഗിലോ ഒക്കെ കൃഷി ചെയ്യാം. അധികം ശ്രദ്ധ നൽകിയില്ലെങ്കിൽ പോലും നല്ല വിളവ് ലഭിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. എങ്കിലും കൃഷി ചെയ്യാനുദ്ദേശിക്കന്നവർ മെയ് ജൂൺ മാസത്തിൽ കൃഷി ചെയ്യുന്നതാണ് അനുയോജ്യം.
മഞ്ഞളിന്റെയും ഇഞ്ചിയുടെയും കൃഷി രീതി തന്നെയാണ് ഇതിനും പിന്തുടരുന്നത്. പറിച്ചെടുത്ത് വിത്തുകൾ അടർത്തി മഞ്ഞൾ നടുന്ന അതേ രീതിയിൽ നട്ടുപിടിപ്പിക്കാം. ഒരു ചുവടിൽ നിന്ന് തന്നെ നിറയെ തൈകൾ ഉണ്ടാകുമെന്നതും പ്രത്യേകതയാണ്. നീർവാഴ്ച്ചയുള്ള മണ്ണാണ് മാങ്ങായിഞ്ചി കൃഷിക്ക് ഏറെ അനുയോജ്യം. ജൈവസമ്പുഷ്‌ടമായ പശിമരാശി മണ്ണിൽ മാങ്ങായിഞ്ചി നന്നായി വളരും. മണ്ണും ചാണകപ്പൊടിയും അൽപ്പം എല്ലുപൊടിയും ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കി ഗ്രോ ബാഗിന്റെ 50- 60 ശതമാനം മിശ്രിതം നിറച്ച് മാങ്ങാ ഇഞ്ചി നടാവുന്നതാണ്. ഇളക്കം കുറഞ്ഞ മണ്ണാണെങ്കിൽ ചകിരിച്ചോറോ, മണലോ ചേർക്കുന്നത് ഉത്തമം. ഇഞ്ചി, മഞ്ഞൾ എന്നിവയ്‌ക്ക് നൽകുന്നതു പോലെ വളപ്രയോഗം നൽകിയാൽ മതി. ആറു മാസം കൊണ്ടു വിളവെടുക്കാം. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയ്‌ക്കിടയിൽ ഇടവിളയായും ഇവ നടാം. വിശപ്പില്ലായ്‌മ അകറ്റാൻ ഏറെ ഉത്തമമാണ് മാങ്ങാ ഇഞ്ചി. ചമ്മന്തിയുണ്ടാക്കാനും അച്ചാറുണ്ടാക്കാനുമാണ് കൂടുതലായും മാങ്ങായിഞ്ചി ഉപയോഗിക്കുന്നത്. എപ്പോഴും വിളവ് കിട്ടുമെന്നതാണ് മാങ്ങായിഞ്ചിയുടെ മറ്റൊരു പ്രത്യേകത. ഒരിക്കൽ കൊണ്ടു നട്ടാൽ പിന്നീട് പറമ്പിലും തൊടിയിലുമായി ഒരു പരിചരണവുമില്ലെങ്കിൽ കൂടിയും മാങ്ങായിഞ്ചി യഥേഷ്‌ടം വളർന്നോളും.