dress

ന്യൂഡൽഹി: ലോക്ക്ഡൗൺ ജനങ്ങളുടെ ജീവിതം ആകെ മാറ്റിമറിച്ചു. പ്രത്യേകിച്ചും പുരുഷന്മാരുടെ. ജിമ്മിലും ക്ളബിലും ബാറിലുമൊക്കെയായി ജീവിതം അടിച്ചുപൊളിച്ചവർ വീട്ടിനുള്ളിലൊതുങ്ങി. ഇങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കുമെന്ന് അവർ സ്വപ്നത്തിൽപ്പോലും വിചാരിച്ചതല്ല. ഈ ഒതുങ്ങിക്കൂടൽ പുരുഷന്മാരുടെ വസ്ത്രങ്ങളോടുള്ള ഇഷ്ടത്തെയും മാറ്റിമറിച്ചു. ഒട്ടുമുക്കാൽപേർക്കും ലോക്ക്ഡൗണിനുശേഷം ബോഡിഷെയ്പ്പ് വസ്ത്രങ്ങളോട് വല്ലാത്തൊരു ഇഷ്ടമാണ് (പുറമേ ധരിക്കുന്നതല്ല, അകത്ത് ധരിക്കുന്നത്). വിയർപ്പൊഴുക്കി കഷ്ടപ്പെട്ട് കരസ്ഥമാക്കിയ സിക്സ് പാക്ക് ജിമ്മുകളിലും ഫിറ്റ്നസ് സെന്ററുകളിലും പോകാതെ ചോർന്നുപോയതോടെയാണ് ബോഡിഷെയ്പ്പ് വസ്ത്രങ്ങളോട് ഇഷ്ടം കൂടിയത്. കൊഴുപ്പ് കയറി പുറത്തുചാടിയ കുടവയറും മാറിടങ്ങളും മറ്റുള്ളവരുടെ കണ്ണിൽപെടാതെ മറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ഇതുധരിച്ചുകഴിഞ്ഞാൽ നിമിഷങ്ങൾക്കകം കുടവയറന്മാരെല്ലാം നല്ല ഒന്നാന്തരം ചുള്ളന്മാരായി മാറും.

ബോഡിഷെയ്പ്പ് വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയെന്നാണ് വ്യാപാരികൾ പറയുന്നത്. അരയ്ക്കുമുകളിലോട്ട് മാത്രമുള്ളതോ പൂർണ ബോഡി സ്യൂട്ടോ തിരഞ്ഞെടുക്കാം. അതിനനുസരിച്ചാണ് വിലയും. പുരുഷന്മാർക്കൊപ്പം ഇത്തരം വസ്ത്രങ്ങൾ ആവശ്യപ്പെട്ടുവരുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരികയാണ്. വീണ്ടും കൊവിഡ് ബാധ ശക്തമായതിനാൽ ജിംനേഷ്യവും ഹെൽത്ത് ക്ളബുകളുമൊക്കെ പലരും ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. അതോട‌െ ബോഡിഷെയ്പ്പ് സ്യൂട്ടുകളുടെ വിൽപ്പന കൂടിയിട്ടുണ്ട്. ഇനിയും വില്പന കൂടുമെന്നാണ് കരുതുന്നത്.

.