മുംബയ്: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ രണ്ട് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ആവശ്യവുമായി ശിവസേന. പാർട്ടിയുടെ ലോക്‌സഭാംഗം സഞ്ജയ് റൗത്ത് ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം സഭയിൽ ചർച്ചാവിധേയമാക്കണം.
'വിവിധ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ നേതാക്കളോട് ഞാൻ സംസാരിച്ചിരുന്നു. അവർ തങ്ങളുടെസംസ്ഥാനങ്ങളിലെ സ്ഥിതി രൂക്ഷമാണെന്ന് അറിയിച്ചു.' സഞ്ജയ് റൗത്ത് പറഞ്ഞു. നിലവിൽ ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്‌ട്രയാണ് കൊവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം. ആറ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ദേശീയ തലസ്ഥാന മേഖലയിൽ നിന്ന് വരുന്നവർക്കും ആർടിപിസിആർ പരിശോധനാ ഫലം മഹാരാഷ്‌ട്രാ സർക്കാർ നിർബന്ധമാക്കി. കേരളം, ഗോവ, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കാണ് നിയന്ത്രണങ്ങൾ. ഇവിടങ്ങളിൽ നിന്ന് വരുന്നവർ 48 മണിക്കൂറിനകം എടുത്ത ആർടിപിസിആർ ഫലം കൈയിൽ കരുതണം.
മഹാരാഷ്‌ട്രയിൽ കൊവിഡിന്റെ പുതിയ വകഭേദങ്ങൾ തടയാനാണ് ഈ തീരുമാനമെന്നാണ് സർക്കാർ അറിയിച്ചത്. നിലവിൽ 2.4 കോടി ടെസ്‌റ്റുകളാണ് മഹാരാഷ്‌ട്ര നടത്തിയത്. 38,39,338 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 68,631 പേർക്കാണ്. 503 പേർ മരണമടഞ്ഞു. രാജ്യത്ത് 24 മണിക്കൂറിനിടെ 2.73 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 20 ലക്ഷം ആക്‌ടീവ് കേസുകളാണ് രാജ്യത്തുളളത്.