തഴുകട്ടെ ഞാനെന്റെ ഓർമ്മച്ചെരാതിനെ
പുണരട്ടെ എന്റെ പൊന്നോർമ്മകളെ
തെളിയുന്നു നീയിന്നു തെക്കുദിക്കെങ്കിലോ
തുഴയുന്നു ഞാനോ വടക്കുനിന്നും
നീ ചൊന്ന പാഠം മനഃപ്പാഠമാണിന്നും
തെല്ലുമേ പൊയ്യും പതിരുമില്ല.
ഓർമയിലല്ല നീ, ഇന്നുമെന്നോമനേ
ഓരോ നിമിഷവും പാർത്തിടുന്നു.
എത്രയോ നാളു ഞാൻ കാത്തിരിക്കുന്നു,
നീ ഒത്താൽ വരുമെന്നുറപ്പിലാണേ
ഓമനിച്ചോമനിച്ചോമലേ നിന്നെ ഞാൻ
ഓരോ നിമിഷവും നീക്കിടുന്നു.
എന്നുവരുമെന്നുറപ്പില്ലയെങ്കിലും
എന്നെങ്കിലും ഒന്നു വന്നുപോകൂ
എൻ മനതാരിൽ പതഞ്ഞുപൊങ്ങുന്നിതാ
നമ്മളൊരുക്കിയ സ്വപ്നങ്ങളും
എല്ലാം വൃഥാ, എന്നു മെല്ലെ പറഞ്ഞുഞാൻ
കണ്ണുനീർ കൊണ്ടു കഴുകിടുന്നു.
ആടിത്തളർന്നു ഞാൻ,
ഓടിത്തളർന്നു ഞാൻ
ആവില്ലെനിക്കിനീ വേദിതന്നിൽ
ആവോളമാനന്ദമാസ്വദിച്ചില്ലന്നു ഞാൻ
ആനന്ദമിന്നെനിക്കന്യമല്ലോ
ആശ്രിതരെല്ലാം അടുത്തുകൂടുമ്പോഴും
ആശ്രയമറ്റു ഞാൻ കേണിടുന്നു.
ആശകൾ കുന്നോളമാക്കിക്കരുതിയ
ആത്മാവിനിന്നും ഉറക്കമല്ലോ
എന്റെ ആത്മാവിനിന്നും ഉറക്കമല്ലോ.