ithi

ദേവശില്‌പിയായിരുന്ന വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്ഞയെ സൂര്യദേവൻ വിവാഹം കഴിച്ചു. കുറച്ചുനാളത്തെ ദാമ്പത്യം കഴിഞ്ഞപ്പോൾ സൂര്യന്റെ അത്യുഗ്രമായ ചൂട് സഹിക്കാൻ കഴിയാതായ സംജ്ഞ ഒരൊളിച്ചോട്ടവുമൊക്കെ കഴിഞ്ഞ് പിതാവിനടുത്തെത്തി സൂര്യനോടൊപ്പം കഴിയാൻ സാധിക്കാത്തതിനുള്ള കാരണം ധരിപ്പിച്ചു. വിശ്വകർമ്മാവ് സൂര്യനെ വിളിച്ച് വരുത്തി തന്റെ ഒരു യന്ത്രത്തിൽ കയറ്റി രാകി സൂര്യന്റെ തേജസിന്റെ എട്ടിലൊരംശം കുറച്ചു.

സൂര്യന്റെ തേജസ് കുറക്കാൻ ഉപയോഗിച്ച യന്ത്രത്തിന് ചുറ്റും രാകിയപ്പോൾ ഉണ്ടായ സൂര്യതേജസ് പൊടിഞ്ഞു കിടന്നിരുന്നു. വിശ്വകർമ്മാവ് ഈ പൊടിയത്രയും വാരിയെടുത്ത് രണ്ടു ചാപങ്ങളും ഒരുവേലും ഒരു വിമാനവും നിർമ്മിച്ചു. നിർമ്മിച്ച വസ്‌തുക്കളുമായി വിശ്വകർമ്മാവ് ബ്രഹ്മാവിനെ സമീപിച്ചശേഷം ചാപങ്ങൾ വിഷ്‌ണുവിനും ശിവനും വേൽ സുബ്രഹ്മണ്യനും നൽകാനായാണ് ഉണ്ടാക്കിയതെന്നും വിമാനം ബ്രഹ്മാവിനോ ബ്രഹ്മാവിന് ഇഷ്ടമുള്ള മറ്റാർക്കെങ്കിലുമോ നൽകാമെന്നും വെളിപ്പെടുത്തി. വിശ്വകർമ്മാവിന്റെ താത്പര്യപ്രകാരം ഒരു ചാപം ബ്രഹ്മാവ് വിഷ്‌ണുവിന് നൽകി. ഇത് വൈഷ്‌ണവ ചാപം എന്നും ശിവന് നൽകിയത് ശൈവചാപം എന്നും സുബ്രഹ്മണ്യന് നൽകിയ വേൽശക്തി എന്നും അറിയാൻ തുടങ്ങി. ബ്രഹ്മാവിന് സഞ്ചരിക്കാൻ അരയന്നവും വിഷ്‌ണുവിന് ഗരുഡനും ശിവന് നന്ദിയും ദേവേന്ദ്രന് ഐരാവതവും മറ്റും ഉള്ളപ്പോൾ വിമാനം ആർക്ക് നൽകണമെന്നു ബ്രഹ്മാവിനും ആശയക്കുഴപ്പമായി. തത്ക്കാലം കരുതലിൽ സൂക്ഷിക്കാൻ ബ്രഹ്മാവ് തീരുമാനിച്ചു.

ബ്രഹ്മാവിന്റെ പുത്രനായ പുലസ്‌ത്യമഹർഷിയുടെ പുത്രനായ വിശ്രവസ് കാര്യപ്രാപ്‌തിയിലെത്തിയപ്പോൾ തന്റെ പിതാവിനേക്കാൾ ശ്രേഷ്‌ഠൻ പിതാമഹനാണെന്നു മനസിലാക്കി വാസം ബ്രഹ്മാവിനോടൊപ്പമായി. ഇതിന്റെ പേരിൽ പുലസ്‌ത്യനും വിശ്രവസും തമ്മിൽ ചെറിയ സൗന്ദര്യപ്പിണക്കവും ഉണ്ടായി. ഇത് മനസിലാക്കിയ ബ്രഹ്മാവ് പുലസ്‌ത്യന്റെ ഇടപെടലില്ലാതെ വിശ്രവസിന് സ്വതന്ത്രമായി കഴിയാൻ ആരുടേയും അധീനതയിൽ ഇല്ലാത്ത ഭൂവിഭാഗം ഉണ്ടോ എന്നന്വേഷിക്കാൻ തുടങ്ങി. ഒടുവിൽ സമുദ്രത്തിൽ ത്രികൂടപർവതത്തിന് മുകളിൽ വന്നു പതിച്ചുകിടന്നിരുന്ന മഹാമേരുവിന്റെ ശിഖരം ബ്രഹ്മാവിന്റെ ഓർമ്മയിൽ വന്നു. വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി ഈ ശിഖരത്തിൽ ഒരു നഗരം നിർമ്മിച്ചു നൽകാൻ അഭ്യർത്ഥിച്ചു.

ത്രികൂട പർവതത്തിന് മുകളിൽ വന്നു പതിച്ചിരുന്ന ഗിരിശിഖരം മഹാമേരുവിന്റെ ഭാഗമായിരുന്നതിനാൽ വിലപിടിപ്പുള്ള രത്നങ്ങൾ കൊണ്ടും മറ്റ് വിശിഷ്‌ട വസ്‌തുക്കൾകൊണ്ടും ധന്യമായിരുന്നു. വിശ്വകർമ്മാവ് അവിടെ നിന്നും ലഭ്യമായ വസ്‌തുക്കൾ ഉപയോഗിച്ച് അതിമനോഹരമായ ഒരു നഗരം നിർമ്മിച്ച് ലങ്ക എന്ന പേരും ഇട്ട് ബ്രഹ്മാവിന് കൈമാറി. ഉടനെ തന്നെ ബ്രഹ്മാവ് കൊച്ചുമകനെ അരുകിൽ വിളിച്ച് ലങ്കയിൽ പോയി സ്വന്തം സാമ്രാജ്യം സ്ഥാപിച്ചു കഴിയാൻ നിർദ്ദേശിച്ചു.

വിശ്രവസ് ലങ്കയിലെത്തി പുതിയ സാമ്രാജ്യം സ്ഥാപിച്ച് ജീവിതം തുടങ്ങി. തൃണബിന്ദു മഹർഷിയുടെ പുത്രിയായ ദേവവർണിനിയെ വിശ്രവസ് വിധിപ്രകാരം വിവാഹം കഴിച്ചു. ഏറെ നാളത്തെ പ്രാർത്ഥനകൾക്കും വ്രതങ്ങൾക്കും ഒടുവിൽ അവർക്ക് കുബേരൻ (വൈശ്രവണൻ) എന്ന പുത്രൻ ജനിച്ചു. വിശ്രവസിനെ തുടർന്ന് കുബേരൻ ലങ്കയുടെ അധിപനായി. കുബേരൻ ബ്രഹ്മാവിനെ തപസ് ചെയ്‌ത് അഷ്‌ടദിക് പാലകരിൽ ഒരാൾ ആയിത്തീർന്നതിനു പുറമേ ധാരാളം നിധികളും ബ്രഹ്മാവ് കുബേരന് നൽകി അനുഗ്രഹിച്ചു. സ്നേഹാധിക്യത്താൽ നേരത്തേ കരുതലിൽ സൂക്ഷിച്ചിരുന്ന വിമാനവും പൗത്രനായ കുബേരന് നൽകി.