thrissur-pooram

തിരുവനന്തപുരം: തൃശൂർ പൂരത്തിന് കോൺഗ്രസ് ഒരിക്കലും എതിര് നിന്നിട്ടില്ലെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. എന്നാൽ നിലവിലെ സാഹചര്യത്തിൽ പൂരം നടത്തണോയെന്ന് സംസ്ഥാന സർക്കാരും സംഘാടകരും ആലോചിക്കണം. അവധാനതോടെയുളള തീരുമാനം വേണം. സംസ്ഥാന സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത അനിവാര്യമാണെന്നും മുല്ലപ്പളളി വ്യക്തമാക്കി.

ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറിയാൻ ഫിലിപ്പിനെ ഉപാധികളില്ലാതെ സ്വാഗതം ചെയ്യുന്നു. മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആരെയും കോൺഗ്രസിലേക്ക് വന്നാൽ സ്വീകരിക്കും. അദ്ദേഹം കോൺഗ്രസിലേക്ക് വരാൻ തീരുമാനിച്ചാൽ ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് കൊവിഡ് കൺട്രോൾ റൂം തുറന്നു. ഡോ എസ് എസ് ലാലിന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം തുറന്നത്. കൺട്രോൾ റൂമിലേക്ക് ഐ എം എയുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മുല്ലപ്പളളി പറഞ്ഞു. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർമാരുടെ സേവനം സർക്കാർ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.