തിരുവനന്തപുരം: കൊവിഡിന്റെ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രോഗബാധയ്ക്ക് കൂടുതൽ സാദ്ധ്യതയുള്ള എ.ടി.എം സെന്ററുകളിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല. നഗരത്തിലെ ഭൂരിഭാഗം എ.ടി.എമ്മുകളിലും സാനിറ്റൈസറുകൾ ഇല്ല. കൊവിഡിന്റെ ആദ്യഘട്ട വ്യാപന സമയത്ത് ഇക്കാര്യത്തിൽ കനത്ത ജാഗ്രത പുലർത്തിയിരുന്നെങ്കിലും രണ്ടാംഘട്ടം ആയതോടെ ജാഗ്രത കൈമോശം വന്ന സ്ഥിതിയാണ്. ദിവസേന ആയിരത്തോളം പേർ വരെ ഉപയോഗിക്കുന്ന എ.ടി.എമ്മുകളിലാണ് ഈ സുരക്ഷാ വീഴ്ച.
കഴിഞ്ഞ വർഷം മാർച്ചിൽ കൊവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ പണത്തിനായി ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എ.ടി.എമ്മുകളിൽ ബാങ്കുകൾ സ്വന്തം ചെലവിൽ സാനിറ്റൈസറുകൾ സ്ഥാപിച്ചിരുന്നു. അവയാണ് ഇപ്പോൾ പലയിടത്തും അപ്രത്യക്ഷമായിരിക്കുന്നത്. എ.ടി.എം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും സാനിറ്റൈസർ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്ന പോസ്‌റ്ററുകളും എ.ടി.എം സെന്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സാനിറ്റൈസറുകൾ തീരുന്ന മുറയ്ക്ക് എ.ടി.എമ്മുകളിൽ നിറയ്ക്കാൻ ബാങ്ക് അധികൃതർ ശുഷ്‌കാന്തി കാണിച്ചിരുന്നു. എന്നാൽ, അടുത്തിടെയായി 80 ശതമാനം എ.ടി.എമ്മുകളിലും സാനിറ്റൈസറുകളുടെ ഒഴിഞ്ഞ കുപ്പി മാത്രമാണുള്ളത്. എ.ടിഎം മെഷീനുകൾ ദിവസവും അണുവിമുക്തമാക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നിരിക്കെ സാനിറ്റൈസറുകൾ കൂടി ഇല്ലാതാകുന്നതോടെ കൊവിഡ് വ്യാപന ഭീതിയും ഉയരുകയാണ്. കൈ കഴുകാൻ സാനിറ്റൈസറോ സോപ്പോ ഉപയോഗിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന പൊലീസും ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്.
സാമ്പത്തിക ബാദ്ധ്യത ഏറിയതോടെ ബാങ്കുകൾ സാനിറ്റൈസർ സ്ഥാപിക്കുന്നതിൽ നിന്ന് ഒഴിവാകുകയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഉപഭോക്താക്കൾ ബാങ്കുകളിൽ വരുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും ഡിജിറ്റൽ പണമിടപാട് നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും മുൻകൈ എടുത്തിരുന്ന ബാങ്കുകൾ പക്ഷേ, എ.ടി.എമ്മുകളുടെ കാര്യം സൗകര്യപൂർവം മറക്കുകയാണ്. കൊവിഡിന്റെ ആദ്യഘട്ട വ്യാപന സമയത്ത് രോഗം ബാധിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നു. അപ്പോഴെല്ലാം രോഗി സന്ദർശിച്ച സ്ഥലങ്ങളിൽ എ.ടി.എം സെന്ററുകളും ഉൾപ്പെട്ടിരുന്നു. നൂറു കണക്കിന് പേർ നിരന്തരം സ്‌പർശിക്കുകയും മിനിട്ടുകളോളം ചെലവഴിക്കുകയും ചെയ്യുന്ന എ.ടി.എം കൗണ്ടറുകളിൽ വേണ്ടത്ര ശ്രദ്ധ നൽകാതിരിക്കുന്നത് കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്.