nun-death

കർത്താവിന്റെ മണവാട്ടിയാകാൻ ആത്മീയപാത തിരഞ്ഞെടുത്ത ഒരു കന്യാസ്ത്രീ കൂടി അകാലത്തിൽ പൊലിഞ്ഞു. കൊല്ലം കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോൺവെന്റ് വളപ്പിലെ കിണറ്റിനുള്ളിൽ ചവറ തെക്കുംഭാഗം പാവുമ്പ സ്വദേശിനിയായ സിസ്റ്റർ മേബിൾ ജോസഫിനെ (42) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ്. അന്ന് രാവിലത്തെ പ്രാർത്ഥനയ്‌ക്ക് സിസ്റ്റർ മേബിളിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കത്തിലെ സൂചന പ്രകാരം നടത്തിയ തിരച്ചിലിലാണ് കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകൾ സഹിക്കാനാകുന്നില്ലെന്നും തന്റെ മൃതദേഹം കിണറ്റിലുണ്ടാകുമെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയതെങ്കിലും കത്തിലെയും മേബിളിന്റെയും കൈയക്ഷരങ്ങൾ ഒത്തുനോക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതേദിവസങ്ങളിലാണ് ഉത്തരേന്ത്യയിൽ ട്രെയിൻ യാത്രയ്ക്കിടെ രണ്ട് കന്യാസ്ത്രീകളെ യാത്രക്കാരായ യുവാക്കൾ ശല്യം ചെയ്ത സംഭവവും ഉണ്ടായത്. ക്രൈസ്തവ സഭകൾ മാത്രമല്ല, രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും ഉറഞ്ഞു തുള്ളി. എന്നാൽ കൊല്ലത്ത് കന്യാസ്ത്രീയുടെ മ‌ൃതദേഹം കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കാൻ ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ല.

ആത്മീയപാത തിരഞ്ഞെടുത്ത കന്യാസ്ത്രീകൾ ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നത് ആദ്യമായല്ല. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ സിസ്റ്റർ അഭയ, മഠത്തിലെ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ 28 വർഷത്തെ സമാനതയില്ലാത്ത നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് പ്രതികളായ ഒരു വൈദികനും മറ്റൊരു കന്യാസ്ത്രീയും ശിക്ഷിക്കപ്പെട്ടത് . കോൺവെന്റിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭയയുടെ മരണം ആത്മഹത്യയാക്കാനുള്ള കരുനീക്കങ്ങളും അതിനെതിരായ നിയമപോരാട്ടവും അത്യപൂർവമായ ഒന്നായിരുന്നു. കിണറ്റിൽ വീണു മരിച്ച അഭയയ്ക്ക് ശേഷം കന്യാസ്ത്രീ മഠങ്ങളിൽ നിരവധി കന്യാസ്ത്രീകൾ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടെങ്കിലും ഒരു കേസിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല. കന്യാസ്ത്രീകൾ മരിക്കുന്നത് ഏറെയും മഠത്തിലെ കിണറുകളിലാണെന്നതാണ് ദുരൂഹം.

എന്തുകൊണ്ട് കിണറ്റിൽ ?

2018 സംപ്തംബർ ഒൻപതിനും കൊല്ലം ജില്ലയിൽ ഒരു കന്യാസ്ത്രീയെ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പത്തനാപുരം മൗണ്ട് താബോർ കോൺവന്റിലെ സിസ്റ്റർ സി.ഇ സൂസമ്മ (54) യുടെ മൃതദേഹമാണ് മഠം വളപ്പിലെ കിണറ്റിൽ കണ്ടത്. മുടിയും രണ്ട് കൈത്തണ്ടയും മുറിച്ച നിലയിലായിരുന്നു. കന്യാസ്ത്രീ താമസിച്ച മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറയുണ്ടായിരുന്നു. രോഗിയായതിന്റെ നിരാശയിൽ സിസ്റ്റർ ജീവനൊടുക്കിയെന്നാണ് പൊലീസ് പറഞ്ഞത്. സംഭവദിവസം മഠത്തിൽ അന്തേവാസികളായ കന്യാസ്ത്രീകൾ തീരെ കുറവായിരുന്നുവെന്ന അസ്വാഭാവിക സാഹചര്യം പൊലീസ് കണ്ടെത്തിയെങ്കിലും പിന്നീട് കാര്യമായ ഒരന്വേഷണവും ഉണ്ടായില്ല. കേരളത്തിലെ സഭകളുടെ ചരിത്രത്തിൽ കഴിഞ്ഞ 30 വർഷത്തിനിടെ 20 ലേറെ കന്യാസ്ത്രീകൾ മഠങ്ങളിൽ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവരിൽ ഏറെപ്പേരും മരിച്ചത് കിണറുകളിൽ വീണാണ്. ചിലർ മഠത്തിലെ വാട്ടർ ടാങ്കിൽ വീണു മരിച്ചപ്പോൾ മറ്റു ചിലരെ പാറമടയിലെ വെള്ളത്തിൽ വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. 1992 ൽ സിസ്റ്റർ അഭയയുടെ മരണത്തിലല്ലാതെ മറ്റൊരു കേസിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ എന്നൊരാൾ അഭയ കേസിനു പിന്നാലെയുണ്ടായിരുന്നതിനാലാണ് നിയമ പോരാട്ടം നടത്താനായത്.

ദുരൂഹ മരണങ്ങൾ തുടർക്കഥ

1993 ൽ സിസ്റ്റർ മേഴ്സി, സിസ്റ്റർ മഗ്ദലന, 98 ൽ പാലാ കോൺവന്റിൽ സിസ്റ്റർ ബിൻസി, കോഴിക്കോട് കല്ലൂരിട്ടിയിൽ സിസ്റ്റർ ജ്യോതിസ്, 2000 ൽ പാലാ സ്നേഹഗിരി ആശ്രമത്തിലെ സിസ്റ്റർ പേൾസി, 2006 ൽ റാന്നിയിലെ സിസ്റ്റർ ആൻസി, കോട്ടയം വാകത്താനത്ത് സിസ്റ്റർ ലിസ, 2008 ൽ കൊല്ലത്ത് സിസ്റ്റർ അനൂപ മരിയ, 2011 ൽ കോവളത്ത് സിസ്റ്റർ മേരി ആൻസി, 2015 ൽ വാഗമണിൽ മരിച്ച സിസ്റ്റർ ലിസ മരിയ ..... പട്ടിക നീളുകയാണ്. 2020 മേയിൽ തിരുവല്ല പാലിയേക്കരയിലെ മഠത്തിൽ വിദ്യാർത്ഥിനിയായിരുന്ന ദിവ്യ പി.ജോൺ മരിച്ച സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. മരിച്ചവരിൽ ഭൂരിഭാഗവും പേരുടെയും മൃതദേഹം കണ്ടെത്തിയത് കിണറ്റിലാണ്. എന്നാൽ അഭയ കേസൊഴികെ മറ്റു കേസുകളുടെയൊന്നും തുടരന്വേഷണത്തിന് മുൻകൈയെടുക്കാനോ പിന്നാലെ പോകാനോ ബന്ധുക്കൾക്കോ പൊതുപ്രവർത്തകർക്കോ താത്പര്യമില്ലാത്തതിനാൽ കേസന്വേഷണം തേഞ്ഞുമാഞ്ഞു പോകുന്നതായാണ് കണ്ടുവരുന്നത്.

വൈദികർ പോലും ബലാൽസംഗ കേസുകളിലും പീഡനക്കേസുകളിലും ഉൾപ്പെട്ട നിരവധി സംഭവങ്ങളാണ് അടുത്തകാലത്തായി ഉണ്ടായത്. ബിഷപ്പ് ഫ്രാങ്കോയുടെ കേസടക്കം ഇന്ത്യയിലും ലോകത്തും ഇത് ചർച്ചയായതിനു പിന്നാലെ വൈദികരുടെ പീഡനങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മാപ്പ് ചോദിച്ച സംഭവം പോലുമുണ്ടായി. ദുരൂഹ മരണങ്ങൾ ഏറെയും സഭകളുടെയും സർക്കാരുകളുടെയും സമ്മർദ്ദത്തിൽ ആത്മഹത്യയാക്കി കേസ് എഴുതിത്തള്ളാൻ പൊലീസിനെ നിർബന്ധിതമാക്കുന്നതായാണ് കണ്ടുവരുന്നത്. സിസ്റ്റർ അഭയകേസിൽ വർഷങ്ങളോളം നിയമപോരാട്ടം നടത്തിയാണ് ജോമോൻ പുത്തൻ പുരയ്ക്കൽ അനുകൂല വിധി സമ്പാദിച്ചത്. എന്നാൽ പിന്നാലെ വന്ന കേസുകളുടെയൊക്കെ പിന്നിൽ നിലകൊള്ളാനും പോരാട്ടം നടത്താനും അതുപോലൊരാൾ ഇല്ലെന്നതാണ് കാലം നേരിടുന്ന ദുര്യോഗം.