name

സ്വന്തം കുഞ്ഞുങ്ങൾക്ക് വെറൈറ്റി പേരുകളിടണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും മോഹം. ചിലർ പരമ്പരാഗതമായുള്ള പേരുകൾ തിരഞ്ഞെടുക്കുമ്പോൾ മറ്രു ചിലരാകട്ടെ ലോകത്തെവിടെയും ഇല്ലാത്ത അത്യപൂർവമായ പേരുകൾ തേടി പായുന്നു. പേരിനൊപ്പം അക്കങ്ങൾ പരീക്ഷിക്കുന്നവരുടെ എണ്ണവും കുറവല്ല. സ്പേസ് എക്‌സ്, ടെസ്‌ല കമ്പനികളുടെ സി.ഇ.ഒയും ദ ബോറിംഗ് കമ്പനിയുടെ സഹസ്ഥാപകനുമായ ഇലോൺ മാസ്കിന്റെ മകന്റെ പേര് കേട്ട് അമ്പരക്കാത്തവർ കുറവാണ്. 'X Æ A-12' (എക്സ് ആഷ് എ 12). കഴിഞ്ഞില്ല കാർട്ടൂൺ കഥാപാത്രങ്ങളുടെ പേരും സിനിമാ താരങ്ങളുടെ പേരും സ്വന്തം മക്കൾക്കിടുന്നവരും കുറവല്ല.

അതേസമയം, മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തോടുള്ള ആദര സൂചകമായി കുട്ടിക്ക് 'ഡിപ്പാർട്ട്മെന്റ് ഒഫ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ' എന്ന പേര് നൽകിയ ഒരു വിരുതനുണ്ട് അങ്ങ് ഇന്തോനേഷ്യയിൽ. സ്ലാമേറ്റ് യോഗ വഹ്യുദി എന്ന് പേരുള്ള വ്യക്തിയാണ് തന്റെ ആദ്യത്തെ കൺമണിക്ക് ഈ വിചിത്രമായ പേര് നൽകിയത്. ഭാര്യ റീറിൻ ലിൻഡ ട്യൂൺഗൾ ഗർഭിണിയായപ്പോൾ തന്നെ ആൺകുഞ്ഞാണെങ്കിൽ താൻ പേര് നിശ്ചയിക്കുമെന്നും പെൺ കുഞ്ഞാണെങ്കിൽ ഭാര്യയ്ക്ക് പേരിടാം എന്നും വഹ്യുദി വ്യവസ്ഥ വച്ചു.

റീറിൻ ആൺകുഞ്ഞിന് ജന്മം നൽകി. സെൻട്രൽ ജാവയിലെ ബെർബെസ് പ്രവിശ്യയിലെ താമസക്കാരനായ വഹ്യുദി താൻ മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തോടുള്ള ആദര സൂചകമായിട്ടാണ് കുട്ടിക്ക് 'ദിനാസ് കമ്യൂണികാസി ഇൻഫോമാറ്റിക സ്റ്റാറ്റിസ്റ്റിക്' എന്ന് പേര് നൽകിയത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഡിപ്പാർട്മെന്റ് ഒഫ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ. എന്തായാലും പേര് സൂപ്പർ വെറൈറ്റി ആണെങ്കിലും വഹ്യുദിയുടെയും റീറിന്റെയും കുടുംബക്കാർക്ക് ഈ പേര് തീരെ ബോധിച്ചില്ല. പലരും ഈ പേര് മാറ്റാൻ വഹ്യുദിയെ ഉപദേശിച്ചു. എന്നാൽ, അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു.

അടുത്തിടെ മറ്റൊരു ദക്ഷിണേഷ്യൻ രാജ്യമായ തായ്‌വാനിലെ റെസ്റ്റോറന്റ് ശ്രേണിയായ അകിൻഡോ സുഷിറോ ഒരു വമ്പൻ ഓഫർ പുറത്തിറക്കിയിരുന്നു. സൂഷി ഭക്ഷണം തയ്യാറാക്കുന്നതിൽ ഏറ്റവും അധികം ഉപയോഗിക്കുന്നത് സാൽമൺ എന്ന മത്സ്യം ആണ്. പേരിൽ സാൽമൺ എന്ന പദമുള്ളവർക്കാണ് അകിൻഡോ സുഷിറോയുടെ പുത്തൻ ഓഫർ. ഔദ്യോഗിക ഐഡിയിൽ സാൽമണിന്റെ ചൈനീസ് എഴുത്തായ 'ഗൈ യു' ഉള്ള വ്യക്തിക്കും അഞ്ച് കൂട്ടുകാർക്കുമാണ് സൗജന്യ സുഷി ഭക്ഷണം ഹോട്ടൽ വാഗ്ദാനം ചെയ്തത്. ഗൈ യു എന്ന് പേരുള്ള വ്യക്തികൾ സുഷി ഓഫറിനായി എത്തും എന്ന് ധരിച്ച ഹോട്ടലിനെ ഞെട്ടിച്ച് പലരും തങ്ങളുടെ പേര് തന്നെ ഔദ്യോഗികമായി സുഷി എന്ന് മാറ്റിയാണ് സൗജന്യമായി ഭക്ഷണം കഴിക്കാൻ എത്തിയത്.