മകൾ നന്ദനയുടെ ഓർമ്മദിനത്തിൽ ഗായിക കെ.എസ്. ചിത്ര പങ്കുവച്ച ഹൃദയം തൊടുന്ന കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്‌ക്ക് കുഞ്ഞ് പിറന്നത്. എന്നാൽ മകളുടെ എട്ടാമത്തെ വയസിൽ തന്നെ അവളെ നഷ്‌ടമാവുകയും ചെയ്‌തു. നന്ദന യാത്ര പറഞ്ഞിട്ട് പത്ത് വർഷം പിന്നിട്ടിരിക്കുകയാണ്. അവൾക്കൊപ്പമുള്ള ഓരോ നിമിഷവും നിധി പോലെ കാത്തുസൂക്ഷിക്കുകയാണെന്നും ചിത്ര പറയുന്നു.'നിന്റെ ജനനം ആയിരുന്നു ഞങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓർമകൾ ഞങ്ങൾക്ക് നിധിയാണ്. നിന്നോടുള്ള സ്‌നേഹം വാക്കുകൾക്കതീതമാണ്. നിന്റെ ഓർമകൾ ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്‌ക്കും നിലനിൽക്കുകയും ചെയ്യും. ഒരു വേള എങ്കിലും, ഒരു നോക്ക് എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങൾക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു." ചിത്രയുടെ കുറിപ്പ് ഇതായിരുന്നു.