ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അതിശക്തമായ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്നുമുതൽ ഒരാഴ്‌ചത്തേക്ക് കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സോപ്പുപയോഗിച്ച് കൈകൾ ഇടക്കിടെ ശുദ്ധമാക്കണം തുടങ്ങി കൊവിഡ് പ്രതിരോധ മാർഗങ്ങൾ പലപ്പോഴും ജനങ്ങൾ അനുസരിക്കാൻ തയ്യാറാകുന്നില്ല. ഇത്തരം ഒരു സംഭവമാണ് ഞായറാഴ്‌ച ഡൽഹി ദര്യാഗഞ്ജിലുണ്ടായത്.
കാറിലെത്തിയ ദമ്പതികൾ മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് പൊലീസ് തടഞ്ഞു. എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ല എന്ന ചോദ്യത്തിന് ദമ്പതികൾ പൊലീസിനു നേരെ തട്ടിക്കയറി. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുമെന്ന് പറയുന്ന പൊലീസിനെ 'ഭിക്ഷക്കാർ' എന്ന് ദമ്പതികൾ അധിക്ഷേപിക്കുന്നുണ്ട്.
ഡൽഹി പട്ടേൽ നഗർ സ്വദേശികളായ പങ്കജ്, ഭാര്യ ആഭ എന്നിവരാണ് പൊലീസിനോട് മോശമായി പെരുമാറിയത്. പൊതുസ്ഥലത്ത് മാസ്‌ക് വയ്‌ക്കണം എന്ന് പറഞ്ഞ പൊലീസിനോട് പിഴയടയ്‌ക്കില്ലെന്നും 'ഇതെന്റെ ഭർത്താവാണ് എനിക്ക് വേണമെന്ന് തോന്നിയാൽ ഇപ്പോൾതന്നെ ഞാൻ ഉമ്മവയ്‌ക്കും.' എന്ന് ആഭ കയർക്കുന്നുണ്ട്.മാത്രമല്ല എന്ത് നാടകമാണ് കളിക്കുന്നതെന്നും ചോദിക്കുന്നുമുണ്ട്. ഞായറാഴ്‌ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂട്ടത്തിൽ വാഹനം ഓടിച്ച പങ്കജിനെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,462 പുതിയ കൊവിഡ് കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചിരുന്നത്. തുടർന്ന് പൊലീസ് കൊവിഡ് നിയന്ത്രണം കർശനമാക്കിയിരുന്നു. ഇതിനിടെയാണ് സംഭവം.