marker-pen

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ മാർക്കർ പേന നിർമ്മിച്ച് താമരശേരി കൂടത്തായിയിലെ ഹിൽവ്യൂ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികൾ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. മൂന്ന് മീറ്റർ നീളവും 75 കിലോ തൂക്കവുമുളള ഭീമൻ പേനയാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്. പി വി സി, ജി ഐ പൈപ്പുകൾ, മരം, സ്‌പോഞ്ച് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഈ ഭീമൻ പേന ഖത്തർ ആസ്ഥാനമായ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും താമസിക്കാതെ ഇടംനേടും.

ഹിൽവ്യൂ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിനികളായ റിംന, ആയിഷ റൗഷിൻ, ഫാത്തിമ മെഹ്ന തുടങ്ങിയ 13 വിദ്യാർത്ഥികൾ ചേർന്നാണ് സ്‌കൂളിലെ അദ്ധ്യാപകനായ മുഹമ്മദ് ദിലീഫിന്റെ സഹായത്താൽ പേന നിർമ്മിച്ചത്. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുകയാണ് ഭീമൻ പേന നിർമ്മിച്ചതിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു. എന്തായാലും കുട്ടികൾ നിർമ്മിച്ച പേന ഇതിനോടകം സാമൂഹ്യ മാദ്ധ്യമങ്ങളിൽ സംസാര വിഷയമായി മാറിയിരിക്കുകയാണ്.